തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

ഉച്ചിട്ട ഭഗവതി

മന്ത്രമൂര്‍ത്തികളിൽപെട്ട പ്രമുഖയും അതിസുന്ദരിയുമായ ദേവിയാണ് പഞ്ചമൂർത്തികളിൽ ഒരാളായ ഉച്ചിട്ട ഭഗവതി. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട എന്നീ തെയ്യങ്ങളെയാണ് ‘പഞ്ചമൂർത്തികൾ’ എന്നു വിളിക്കുന്നത് (ഭൈരവാദി പഞ്ചമൂർത്തികൾ). വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മന്ത്രോപാസന ചെയ്യുന്ന ദേവതമാരാണ് മന്ത്രമൂർത്തികൾ.
മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും തറവാടുകളിലും സാധാരണയായി ഉച്ചിട്ടയെ കെട്ടിയാടിക്കാറുണ്ട്. അടിയേരിമാടമാണ് ഉച്ചിട്ടയുടെ ആരൂഢസ്ഥാനം. സുഖപ്രസവത്തിനു സഹായിക്കുന്ന ദേവിയാണിതെന്നാണ് ഭക്തരുടെ വിശ്വാസം.

ഐതിഹ്യം

ഉച്ചിട്ടയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഐതിഹ്യങ്ങൾ നിലവിലുണ്ട്.
അഗ്നിദേവന്‍റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്നു വീണ് അതില്‍ നിന്നും ദിവ്യജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി. ആ ദേവിയെ ബ്രഹ്മദേവന്‍ അവിടെ നിന്നും കാമദേവന്‍ വഴി മഹാദേവന് സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജനപരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില്‍ കുടിയിരുന്നുമെന്നുമാണ് കഥ.

 

കംസൻ കൊല്ലാൻ ശ്രമിച്ച ശ്രീകൃഷണന്റെ സഹോദരിയായ യോഗമായാദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും പ്രചാരത്തിലുണ്ട്.

മൂന്നാമതൊരു കഥ, പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ശിവൻ കോപിച്ചപ്പോൾ മൂന്നാം തൃക്കണ്ണിൽ നിന്നുണ്ടായ അഗ്നി പ്രപഞ്ചത്തെയാകെ ചുട്ടുചാമ്പലാക്കുമെന്ന അവസ്ഥയുണ്ടായി. ഇതുകണ്ടു ഭയന്ന ദേവന്മാർ ഒന്നടങ്കം കൈലാസത്തിൽ ചെന്ന് പാർവ്വതിയോട് സങ്കടം പറഞ്ഞു. അതുകേട്ട് പാർവ്വതി ശിവന്റെ കണ്ണിൽ നിന്നുവന്ന ആ അഗ്നിയിൽ പോയിരുന്ന് അതിനെ അണച്ചു. അഗ്നിയെ ചാമ്പലാക്കിയവളുടെ ഭാവത്തിലുള്ള ആ ദേവതയാണ് ഉച്ചിട്ട.

 

അഗ്നിപുത്രി ആയതുകൊണ്ട് ഉച്ചിട്ട തീയില്‍ ഇരിക്കുകയും കിടക്കുകയും തീക്കനല്‍ വാരി കളിക്കുകയും ചെയ്യും. തമാശകൾ പറഞ്ഞു ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ തെയ്യം സ്ത്രീകളുടെ ഇഷ്ടദേവതയാണ്. തെയ്യത്തിന്റെ ഉരിയാട്ടങ്ങൾ സ്ത്രീശബ്ദത്തിലും ഭാവഹാവാദികൾ സ്ത്രൈണ രീതിയിലുമായിരിക്കും.

ഉചിട്ടയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല.
പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് ഉച്ചിട്ടയുടെ പ്രധാന സ്ഥാനങ്ങള്‍.

തെയ്യം

മലയസമുദായക്കാരാണ് ഉച്ചിട്ട ഭഗവതിയുടെ കോലം കെട്ടിയാടുന്നത്. ചില സ്ഥലങ്ങളിൽ മുന്നൂറ്റന്മാരും കെട്ടാറുണ്ട്. ശംഖുo പ്രാക്കഴുത്താണ് മുഖത്തെഴുത്ത്. വേഷവിധാനങ്ങളിൽ ചില സ്ഥലങ്ങളിൽ വ്യത്യാസങ്ങൾ കണ്ടുവരാറുണ്ട്.

Comments

COMMENTS

error: Content is protected !!