തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് ചലനശേഷി നഷ്ടപ്പെട്ട അധ്യാപികയ്ക്ക് ചികിത്സാസഹായവും അവധിയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ സർക്കാർ

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് ചലനശേഷി നഷ്ടപ്പെട്ട അധ്യാപികയ്ക്ക് ചികിത്സാ സഹായവും അവധിയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ സർക്കാർ. പാലക്കാട് കടമ്പൂർ സർക്കാർ ഹയർ സെക്കണ്ടറി അധ്യാപിക വിദ്യാലക്ഷ്മിക്കാണ് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഇവർ.

നിയമസഭാ തെരഞ്ഞെടുപ്പിൽ അഗളി ജി വി എച്ച് എസ് എസിലെ പോളിംഗ് ഓഫീസറായിരുന്നു വിദ്യാലക്ഷ്മി. ജോലിക്കിടെ പുറത്തിറങ്ങിയ വിദ്യാ ലക്ഷ്മി കോണിപ്പടിയില്‍ നിന്ന് തെന്നി താഴെ വീഴുകയായിരുന്നു. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അവര്‍ക്ക് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു. എന്നാല്‍ ഇതുവരെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്  വിദ്യാലക്ഷ്മിക്ക് യാതൊരു സഹായവും ലഭിച്ചില്ല. 2 വർഷത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയത് 119 ദിവസം മാത്രം.

കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഇതുവരെ ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടമായതിനാൽ  പണം നൽകാൻ ആകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് കിട്ടിയ മറുപടി. നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അവര്‍ വീണ്ടും ജോലിക്കായി സ്കൂളില്‍ എത്തിയത്. ഒന്നര വർഷത്തിനു ശേഷം എത്തിയ അധ്യാപികയ്ക്ക് പ്രത്യേക കരുതലുമായി സഹപ്രവർത്തകരുണ്ട്.  നിലവിലെ നിയമമനുസരിച്ചുള്ള അവധി നൽകിയതായും സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയാൽ മാത്രമെ കൂടുതൽ അവധി ലഭിക്കൂ എന്നും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!