Uncategorized

തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും

പത്തനംതിട്ട  പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹം ഇപ്പോൾ റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്. പെൺകുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. 

ഇന്നലെ യൂത്ത് കോൺഗ്രസ് ഡി എം ഒ യെ ഉപരോധിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പെരുന്നാട് കുടുംബ ആരോഗ്യ കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബി ജെ പിയും ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു . പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.

അതേസമയം സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, ഡ്രഗ് കണ്‍ട്രോളര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button