തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം മുന്നിൽ
തിരുവനന്തപുരം: വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മുന്നിൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച നേട്ടമാണ് കെെവരിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ പങ്കാളിത്തത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഉന്നതി, സുഭിക്ഷ കേരളം, ശുചിത്വ കേരളം, മികവ്, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പദ്ധതി പ്രകാരം 1,041 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. ദേശീയ ഗ്രാമീണ ഉപജീവൻ മിഷൻ, നാഷണൽ റൂറൽ-അർബൻ മിഷൻ, പ്രധാന്മന്ത്രി ആവാസ് യോജന, കൃഷി സിഞ്ചായി യോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പരമ്പരാഗത് കൃഷി വികാസ് യോജന, നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റ്, പ്രധാനമന്ത്രി ഫസൽ ബീമ യോജന എന്നീ പദ്ധതികളും മികച്ച രീതിയിൽ കേരളത്തിൽ പുരോഗമിക്കുന്നുണ്ടെന്നും ദിശ യോഗം വിലയിരുത്തി.