തൊഴിൽതീരം പദ്ധതി: സംഘാടക സമിതി രൂപീകരിച്ചു
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം പദ്ധതിയുടെ മണ്ഡല തല സംഘാടക സമിതി കൊയിലാണ്ടിയിൽ രൂപീകരിച്ചു. കാനത്തിൽ ജമീല എംഎൽഎ ചെയർമാനായും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർമാൻമാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
കൊയിലാണ്ടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവർധനവും സാംസ്കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ സേവനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽ പരിശീലനവും ഉറപ്പാക്കും. തുടർന്ന് ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിൽ അവസരം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. കെ കെ ഇ എം ജില്ലാ പോഗ്രാം മാനേജർ റഫ്‌സീന എം പി പ്രവത്തന കലണ്ടറും പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശ്രീകുമാർ, സതി കിഴക്കയിൽ, ജമീല സമദ്, ജി ആർ എഫ് ടി എച്ച് എസ് കൊയിലാണ്ടി എച്ച് എം സുചേത എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര സ്വാഗതവും അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത നന്ദിയും പറഞ്ഞു.