തൊഴിൽസഭ 20 മുതൽ ; പിണറായിയിൽ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന തൊഴിൽ സഭകളുടെ സംസ്ഥാന ഉദ്‌ഘാടനം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10ന് പിണറായി പഞ്ചായത്ത് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.തൊഴിൽ സഭ സംഘടനാ മാർഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ മേഖലയിലും പരമാവധി തൊഴിലവസരം സൃഷ്ടിക്കും. സംരംഭം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കും. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും ഒരു വർഷം ഒരു ലക്ഷം സംരംഭം തുടങ്ങാനുള്ള പദ്ധതിയും കെ ഡിസ്ക്(കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളിലൂടെ സാധ്യമാക്കും.
സംഘാടകസമിതി
രൂപീകരിക്കണം
തൊഴിൽ സഭകൾ സംഘടിപ്പിക്കാൻ ഗ്രാമ, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ സംഘാടകസമിതി രൂപീകരിക്കണം. ഗ്രാമപഞ്ചായത്തുകളിൽ അതത് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ രക്ഷാധികാരികളാകണം. പഞ്ചായത്ത് പ്രസിഡന്റായിരിക്കണം സമിതി അധ്യക്ഷൻ. പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സഹ അധ്യക്ഷരും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉപാധ്യക്ഷരുമാകും. പഞ്ചായത്ത് സെക്രട്ടറി കൺവീനറായിരിക്കും. ഭരണസമിതി അംഗങ്ങൾ, സിഡിഎസ് അധ്യക്ഷ, ആസൂത്രണസമിതി ഉപാധ്യക്ഷൻ, യുവജന പ്രതിനിധികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, എസ്‌സി, എസ്‌ടി പ്രെമോട്ടർ, സാക്ഷരതാ പ്രേരകുമാർ എന്നിവർ അംഗങ്ങളായിരിക്കും. വാർഡ് തലങ്ങളിൽ മെമ്പർ ആയിരിക്കും അധ്യക്ഷൻ. വാർഡിൽ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനായിരിക്കും കൺവീനർ. തൊഴിൽ സഭകളുടെ സംഘാടന ചുമതല വികസന സ്‌റ്റാൻഡിങ് കമ്മിറ്റിക്കും ഏകോപന ചുമതല ഭരണസമിതിക്കുമായിരിക്കും.
തൊഴിൽസഭാ ലീഡ്
ഓരോ തൊഴിൽ സഭകളുടെയും പ്രവർത്തനം ഏകോപിപ്പിച്ച് നയിക്കുന്നതിന്റെ ഉത്തരവാദിത്വം തൊഴിൽസഭാ ലീഡിനായിരിക്കും. ‘ എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി സർവേ നടത്തിയ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയോ യുവജനക്ഷേമ ബോർഡ് നിർദേശിക്കുന്ന പ്രവർത്തകനെയോ തൊഴിൽസഭാ ലീഡ് ആക്കാം. ഈ ചുമതല ലഭിക്കുന്നയാൾ യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യണം.
ഒരു സഭയിൽ 250 അംഗങ്ങൾവരെ
ഒരു തൊഴിൽസഭയിൽ പരമാവധി 200 മുതൽ 250 വരെ അംഗങ്ങളാകാം. ഒന്നോ അധിലധികമോ വാർഡ് ചേർത്ത് തൊഴിൽസഭ രൂപീകരിക്കാം. ഓരോ സഭയുടെയും ഹാജർ രേഖപ്പെടുത്തണം. തൊഴിൽസഭയിൽ പുതിയ രജിസ്‌ട്രേഷന് തൊഴിൽസഭാ പോർട്ടലിൽ സൗകര്യമൊരുക്കും.
ബ്ലോക്ക് തലത്തിൽ എന്റർപ്രണർഷിപ് സെന്ററുകൾ
സംരംഭക പ്രൊപ്പോസലുകൾ സ്വീകരിക്കുന്നതിനും സംരംഭങ്ങളും തൊഴിലും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ എന്റർപ്രണർഷിപ് ആൻഡ് എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കണം. ഗ്രാമപഞ്ചായത്തുകളിലെ ഫെസിലിറ്റേഷൻ ടീം തൊഴിലന്വേഷകരെ ഈ കേന്ദ്രവുമായി ബന്ധപ്പെടുത്തണം. ഇതിനായി പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്‌ക് രൂപീകരിക്കണം.