തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി

കൊച്ചി : തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി. കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത് . സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും.കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. കൊച്ചി കോർപ്പറേഷൻ, ഡോക്ടർ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ്, ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവയ്പ്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവർത്തകരുടെ തീരുമാനം.

 

പേവിഷ പ്രതിരോധം ,തെരുവുനായ നിയന്ത്രണം എന്നിവയിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ കർമ്മപദ്ധതിയിലേക്ക് സർക്കാർ പോവുന്നത് തെരുവുനായ്ക്കളുടെ കൃത്യമായ കണക്കില്ലാതെ . 3 ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് പോകാനാണ് സർക്കാർ തീരുമാനം.

40 മുതൽ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷൻ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളർത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാൽ തെരുവുനായ്ക്കളുടെ യഥാർഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദർ ഒന്നടങ്കം പറയുന്നു. 

കഴിഞ്ഞ വർഷം ആളുകളെ നായ കടിച്ച എണ്ണം മാത്രം 234000 ആണ്. ഈ വർഷം ജൂൺ വരെ ഉള്ള കണക്കിൽ മാത്രം നായ കടിയേറ്റ കേസുകൾ 1,84,000 ആയി. ഏതായാലും സുരക്ഷ ഉറപ്പാക്കാൻ എത്രയും വേഗം നായ്ക്കളിലെ വാക്സിനേഷൻ തന്നെ പ്രധാന ആയുധമെന്ന് വിദ്ഗദർ ചൂണ്ടിക്കാട്ടുന്നു.പൂച്ച കടിച്ചുള്ള കേസുകളും കൂടുകയാണ്. ഈ വർഷം ഇതുവരെ പൂച്ച കടിച്ചത് 2,40000 പേരെ. മറ്റു ജീവികളിൽ റാബിസ് സാന്നിധ്യം വർധിക്കുമ്പോൾ വാക്സിനേഷൻ നായ്ക്കളിൽ മാത്രം ഒതുങ്ങിനിന്നാൽ മതിയാകുമോ എന്ന പ്രധാന ചോദ്യവും സർക്കാരിന് മുന്നിലുണ്ട്. 6 ലക്ഷം ഡോസ് വാക്സിൻ ഇതിനോടകം വാങ്ങി. നാല് ലക്ഷം കൂടി ഉടനെയെത്തും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ 170 ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ച് ഇവിടം ആദ്യം ഊന്നൽ നൽകിയായാരിക്കും സർക്കാരിന്റെ പേവിഷ പ്രതിരോധവും, തെരുവുനായ നിയന്ത്രണവും മുന്നോട്ടു പോവുക.

Comments

COMMENTS

error: Content is protected !!