AGRICULTURE
തോട്ടങ്ങൾ കീഴടക്കാൻ സീസർ ജയിംസ് ജേക്കബ് തുരുത്തുമാലി

ഒരു റംബുട്ടാൻ കായ്ക്ക് എന്തു വലുപ്പമുണ്ടാകും? ശരാശരി 40 ഗ്രാം. കൂടുതൽ വലുപ്പമുള്ള ഇനഭേദങ്ങൾ പോലും ഒരു കിലോ തൂക്കം കിട്ടണമെങ്കിൽ 18–20 എണ്ണം വേണ്ടിവരുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതാ റാന്നിക്കു സമീപം ഉദിമൂട്ടിലെ ജോയിയുെട തോട്ടത്തിൽ ശരാശരി 100 ഗ്രാം തൂക്കം കിട്ടുന്ന റംബുട്ടാൻ കായ്കൾ. ഒരു കിലോ തൂക്കം കിട്ടാൻ 10–12 കായ്കൾ മതിയാകും. കേട്ടുവിശ്വസിക്കാത്തവർക്ക് കായ്കളുെട തൂക്കം കാണിച്ചുകൊടുക്കാനായി ത്രാസുമായി കാത്തിരിക്കുകയാണിദ്ദേഹം. കൂടുതലുള്ള തൂക്കത്തിന് ആനുപാതികമായി ഏറെ മാംസളമായ ഉൾഭാഗമാണിതിന്. രുചിയും മധുരവും കൂടുതലുള്ള ഈ ഇനത്തിനു സീസർ എന്നു ജോയി പേരിട്ടുകഴിഞ്ഞു.
വർഷങ്ങൾക്കു മുമ്പ് മലേഷ്യയിൽ നിന്നു കൊണ്ടുവന്ന 5 റംബുട്ടാൻ മരങ്ങളിലൊന്നിലാണ് സവിശേഷമായ ഈ കായ്കൾ കണ്ടെത്തിയതെന്ന് ജോയി പറഞ്ഞു. മറ്റു 4 മരങ്ങളിലും സാധാരണ കായ്കൾ മാത്രം. വലുപ്പ മേറിയ ഇനത്തിന്റെ ബഡ് തൈകളുണ്ടാക്കി സ്വന്തം തോട്ടത്തിൽ നട്ടുവളർത്തുകയാണ് ആദ്യം ചെയ്തത്. മാതൃവൃക്ഷത്തിന്റെ സവിശേഷത തിരിച്ചറിയുന്നവർ ബഡ്കമ്പ് മോഷ്ടിക്കാതിരിക്കുന്നതിനുവേണ്ടി അതിൽ കായ് പിടിക്കാൻ അനുവദിച്ചിരുന്നില്ല. ബഡ് ചെയ്തുണ്ടാക്കിയ 14 തൈകളും അടുത്ത കാലത്ത് ഫലം നൽകിത്തുടങ്ങി. ആവശ്യക്കാർക്ക് മിതമായ തോതിലെങ്കിലും തൈകൾ ഉൽപാദിപ്പിച്ചു നൽകാമെന്ന് ആത്മവിശ്വാസമായ സാഹചര്യത്തിലാണ് സീസറിനെ കാർഷിക കേരളത്തിനു പരിചയ പ്പെടുത്തുന്നത്. ഈ സംരംഭത്തിൽ തുണയും പങ്കാളിയുമായി ഭരണങ്ങാനം സ്വദേശി അപ്രേംകുട്ടി എന്ന കൃഷിക്കാരനുമുണ്ട്. വലുപ്പവും മധുരവും മാംസളഭാഗവും കൂടുതലുള്ള ഇനമെന്ന നിലയിൽ സീസറിനു വലിയ ഭാവിയുണ്ടെന്ന് അപ്രേം അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ഇതിലും വലുപ്പമേറിയ കായ്കളുണ്ടാകുന്ന ഇനങ്ങളും പ്രതീക്ഷിക്കാമെന്ന് ജോയി കൂട്ടിച്ചേർത്തു.
സീസർ റംബൂട്ടാൻ പഴത്തിന്റെ മാംസളമായ ഉൾഭാഗം
പരിമിതമായ എണ്ണം മാത്രമുള്ളതിനാൽ ഈ വർഷം കുറച്ചുപേർക്കു മാത്രമെ തൈകൾ നൽകാനാവൂ. വ്യത്യസ്ത ഇനം കണ്ടെത്തി വികസിപ്പിക്കുന്നതിനു നടത്തിയ പരിശ്രമങ്ങൾക്ക് അംഗീകാരമെന്നവണ്ണം അദ്ദേഹത്തെ നാഷനൽ ഇന്നവേഷൻ ഫൗണ്ടഷന്റെ അവാർഡിനായി ശുപാർശ ചെയ്തിട്ടുണ്ടെന്ന് പിഡിഎസ് –എൻഐഎഫ് കോർഡിനേറ്റർ സ്റ്റെബിൻ കെ. സെബാസ്റ്റ്യൻ അറിയിച്ചു.
സീസറിനെ കണ്ടെത്തിയിട്ട് ഏറെ വർഷമായെങ്കിലും ഇതിന്മേലുള്ള അവകാശം ഉറപ്പി ക്കപ്പെടുന്നതുവരെ കാത്തിരിക്കാനായിരുന്നു ജോയിയുടെ തീ രുമാനം. ഇന്നവേഷൻ ഫൗണ്ടേഷൻ വേണ്ടത്ര വിവരശേഖരണം നടത്തിയ സാഹചര്യത്തിൽ സീസറിനെ ചതിക്കാനായി ബ്രൂട്ടസ് ഇനി വരില്ലെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം തൈകൾ ഉൽപാദിപ്പിച്ചുതുടങ്ങുന്നത്.
Comments