തോണി മറിഞ്ഞ് കാണാതായ ആളെ കണ്ടെത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധം; തിരച്ചിൽ സംഘങ്ങൾ തിരച്ചിൽ തുടരുമ്പോഴും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു
ഗുരുപുണ്യ കാവിനടുത്ത് തോണി മറിഞ്ഞ് കാണാതായ ഷിഹാബിന്റെ മൃതദേഹം പുറംകടലിൽ തിരച്ചിൽ നടത്തുന്ന കപ്പലിൽ കിട്ടിയതായി ഒരു പ്രമുഖ ചാനലിൽ വന്ന വാർത്ത ശരിയല്ലന്ന് താസിൽദാർ സി പി മണി കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റനുമായി ബന്ധപ്പെട്ട ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇനിയുള്ള മണിക്കൂറുകളിൽ മൃതദേഹം കണ്ടെത്താനുള്ള സാദ്ധ്യത കുറവാണെന്നാണ് കോസ്റ്റ് ഗാർഡ് സംഘത്തിന്റേയും അഭിപ്രായം.
അടിത്തട്ടിൽ വൻതോതിൽ പാറക്കൂട്ടങ്ങളും ചുഴികളുമുള്ള തീരക്കടലിലാണ് വള്ളം മറിഞ്ഞത്. അടിത്തട്ടിലെ പാറയിടുക്കുകളിൽ കുടുങ്ങിയാൽ ഇനി പെട്ടെന്നുള്ള മണിക്കൂറുകളിൽ മൃതദേഹം പൊങ്ങി വരാനിടയില്ല എന്നാണ് വിദഗ്ധാഭിപ്രായം. 24 മണിക്കൂറിലധികം സമയം കടന്നുപോയത് കൊണ്ട് ശരീരം വണ്ണംവെക്കാനും കുടുങ്ങി കിടക്കാനും സാദ്ധ്യതയുണ്ട്. അടിത്തട്ടിൽ ശക്തമായ ഇളക്ക ങ്ങളുണ്ടായാൽ മൃതദേഹം പൊങ്ങിവരാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല. കടൽ ശക്തമായി പൊളിയുന്നത് കൊണ്ട്, ( പ്രക്ഷുബ്ധമായതു കൊണ്ട്) അവിടെ നിലയുറപ്പിച്ച് തിരച്ചിൽ നടത്താൻ ആർക്കും കഴിയുന്നുമില്ല. തിരച്ചിലിനായി എത്തിയ രണ്ട് കപ്പലുകൾ പുറം കടലിൽ നങ്കൂരമിട്ടതല്ലാതെ തീരത്തേക്ക് വരാൻ അവർക്ക് കഴിയുന്നില്ല. അടിത്തട്ടിൽ വൻ തോതിലുള്ള പാറക്കൂട്ടങ്ങളാണ് കാരണം. പുറംകടലിലേക്ക് മൃതദേഹം ഒഴുകിവരുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് അവർ ഇപ്പോൾ ചെയ്യുന്നത്.
കോസ്റ്റ് ഗാർഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇത്രയേറെ പ്രക്ഷുബ്ധമായ കടലും പാറക്കെട്ടുകളും കാരണം അവർക്കും മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല. നാട്ടിലെ മത്സ്യ തൊഴിലാളികൾ തന്നെയാണ് ജീവൻ പണയം വെച്ചും നിർത്താതെ തിരച്ചിൽ തുടരുന്നത്. കരയിൽ നിന്ന് ഫൈബർ വള്ളങ്ങളിറക്കി കടൽ പൊളിയുന്നിടം വരെ പോയി തിരച്ചിൽ നടത്തുകയാണവർ. ചിലയിടങ്ങളിലൊക്കെ നീന്തിച്ചെന്നും മുങ്ങിയുമൊക്കെ അവർ തിരച്ചിൽ തുടരുകയാണ്. കടൽ ചുഴികളേകുറിച്ചും നീരൊഴുക്കിനെക്കുറിച്ചുമൊക്കെ അവർക്ക് വ്യക്തമായ അറിവുണ്ട്. കടലിൽ പണിയെടുത്തുള്ള അനുഭവങ്ങളും അവർക്ക് തുണയായുണ്ട്. കടൽ വെള്ളത്തിന്റെ നിറവ്യത്യാസങ്ങളൊക്കെ പരിഗണിച്ച് ഇപ്പോൾ തെക്ക് ഭാഗത്തേക് ശക്തമായ അടിയൊഴുക്കുള്ളതായി അവർ പറയുന്നു. കൊയിലാണ്ടി ഭാഗത്തേക്ക് മൃതദേഹം ഒഴുകിയെത്തിയേക്കാമെന്ന പ്രതീക്ഷയിൽ ഈ മേഖലയിലാകെ മത്സ്യ തൊഴിലാളികൾ തിരച്ചിൽ നടത്തുന്നുണ്ട്. നേവിയുടെ ഫെലിക്കോപ്റ്റർ കാലത്തെത്തി രണ്ട് റൗണ്ട് പറന്ന് തിരിച്ചു പോയി.
രഹ്നാസ് ആണ് ഷിഹാബിന്റെ ഭാര്യ. രണ്ടു വയസ്സുള്ള മുഹമ്മദ് അമീൻ ഏക മകനാണ്. മുത്തായത്ത് കോളനിയിൽ ഇബ്രാഹിം, ഫാത്തിമ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. റഹീം ഏക സഹോദരനും സെറീന, റഷീദ, റഹീന, റഫീന, റജുല എന്നിവർ സഹോദരിമാരുമാണ്.