ദി കേരള സ്‌റ്റോറി: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ പ്രചാരണം നടത്തുന്നു; മുജാഹിദ് സമ്മേളനം
കൊല്ലം : ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയ ധ്രുവീകരണവും, വസ്തുതാ വിരുദ്ധമായ പ്രചാരണവും നടത്തുന്നവർക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊല്ലത്ത് സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ആവശ്യപ്പെട്ടു.
കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ദി കേരള സ്റ്റോറി തയ്യാറാക്കിയിട്ടുള്ളത്. ഒരു സമുദായത്തെ മാത്രമല്ല കേരളത്തിലെ മുഴുവൻ വനിതകളെയും അപമാനിക്കുന്ന സന്ദേശമാണ് പ്രസ്തുത ഫിലിമിലൂടെ പിന്നണി പ്രവർത്തകർ കൈമാറുന്നത്.
ഐ എസ് ഇസ്ലാം വിരുദ്ധ ശക്തികളാൽ രൂപപ്പെട്ട ആശയമാണെന്നും, ഐ എസ് നെതിരെ കൃത്യമായ നിലപാട് പ്രഖ്യാപിച്ചവരാണ് ഇസ്ലാമിക പണ്ഡിതന്മാർ എന്നും സമ്മേളന പ്രമേയം തുടർന്നു.
ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടകൾക്ക് വിധേയമാകാത്ത കേരളീയ സമൂഹത്തിൽ ചിദ്രതയാണ് പ്രസ്തുത ഫിലിം പ്രവർത്തകരുടെ ലക്ഷ്യമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വ്യക്തികളുടെ വിശ്വാസ താൽപര്യങ്ങളെ ചൂഷണം ചെയ്ത് ആത്മീയ തട്ടിപ്പുകൾക്ക് നേത്യത്വം നൽകുന്ന പൗരോഹിത്യത്തെ തിരിച്ചറിയണം. ഏകദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് കൊണ്ടുള്ള യാതൊരു കർമ്മങ്ങൾക്കും ഇസ് ലാമികമായി യാതൊരു പ്രസക്തിയുമില്ലെന്നും മുജാഹിദ് സമ്മേളനം ഓർമ്മപ്പെടുത്തി.
കൊല്ലം സലഫി നഗറിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി.വി നൗഫൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിവി ഫഖ്റുദ്ദീൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. മൗലവി ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി, ശമീർ മുണ്ടേരി, മുജാഹിദ് ബാലുശ്ശേരി, വി.കെ ഉനൈസ് സ്വലാഹി, ഹബീബുറഹ്മാൻ സ്വലാഹി എന്നിവർ പ്രസംഗിച്ചു. ഹാഫിള് ബിലാൽ കൊല്ലം സ്വാഗതവും വിസ്ഡം യൂത്ത് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫൈറൂസ് കൊല്ലം നന്ദിയും പറഞ്ഞു.