SPECIAL
ദീര്‍ഘനേരം ഇരുന്നുള്ള ജോലിയെക്കാൾ ഹാനികരമാണ് ഈ ശീലം
ഇന്നത്തെ കാലത്ത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് നമ്മുടെ ശീലങ്ങള്‍ കൊണ്ടാണ്. അതില്‍ ഏറ്റവും അപകടകരമായ ഒരു ശീലമാണ് ദീര്‍ഘനേരം ഇരുന്നുള്ള ജോലി. പലതരത്തിലെ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ അപകടകരമായ മറ്റൊരു ശീലത്തെ കുറിച്ച് പറയുകയാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍. അത് മറ്റൊന്നുമല്ല ദീര്‍ഘനേരം ടിവി കണ്ടു കൊണ്ട് ഇരുന്നുള്ള ആഹാരം കഴിക്കല്‍ തന്നെയാണ്.
3,592 ആളുകളെയാണ് ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ സ്ഥിരമായി നാല് മണിക്കൂറില്‍ കൂടുതല്‍ നേരം ടിവി കാണുന്നവരില്‍ 50 % ആളുകള്‍ക്കും ഹൃദ്രോഗം, അകാലമരണം എന്നിവ സംഭവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരം മാത്രം ഒരുദിവസം ടിവി കാണുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകുന്നില്ല. ടിവിയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ സൂചനയാണിത്.
പൊതുവേ രാത്രി ആഹാരം കഴിച്ചു കൊണ്ട് ടിവി കാണുന്നതാണ് ആളുകളുടെ ശീലം. ഈ സമയത്ത് കൂടുതല്‍ ആഹാരവും നമ്മള്‍ അറിയാതെ കഴിക്കും. അമിതമായി ആഹാരം കഴിച്ചു കൊണ്ട് ദീര്‍ഘനേരമുള്ള ടിവി കാണല്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും. അതുപോലെ തീര്‍ത്തും അനാരോഗ്യകരമായ ആഹാരങ്ങള്‍ വെറുതെ കഴിച്ചു കൊണ്ട് ടിവി കണ്ടിരിക്കുന്നതും ആപത്താണ്. നമ്മള്‍ അറിയാതെ കൂടിയ അളവില്‍ ആഹാരം ഉള്ളിലെത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദൂഷ്യഫലം.
ടിവിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെയല്ല ഈ പഠനം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഏറെ നേരത്തെ ടിവി ഉപയോഗം ഹാനീകരം തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ സമയം മറ്റെന്തെങ്കിലും ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കായി ചിലവിടാം. ഉദാഹരണത്തിന് ജോഗിങ്, നടത്തം, അങ്ങനെ വീട്ടിനുള്ളില്‍ ചടഞ്ഞു കൂടാതെ എന്തെങ്കിലും ചെയ്യുന്നതിലൂടെ ഈ ദുശ്ശീലം അകറ്റാം
Comments