ബെവ് – ക്യൂ ആപ്പ് തിരിച്ചു വരുന്നു. പ്ലേ സ്റ്റോറിൽ ആശയ കുഴപ്പം

കേരള ബിവറിജസ് കോർപ്പറേഷൻ മദ്യ വില്പനയ്ക്കായി ഏർപ്പെടുത്തിയ ക്യൂ ആപ്പ് തിരിച്ചു വരുന്നു. അടുത്ത ദിവസം മുതൽ ഓൺ ലൈൻ ക്യൂ വഴി വിൽപന തുടങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തുടർച്ചയായി പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൌൺ ലോഡ് ചെയ്യുന്നവരുടെ തിരക്കായി. 2020 ആഗസ്തിന് ശേഷം അപ്ഡേറ്റ്സ് ഒന്നും നടന്നിട്ടില്ലെങ്കിലും മാറ്റി ഇൻസ്റ്റാൾ ചെയ്ത് തയാറെടുക്കുന്നവരാണ് കൂടുതലും.

ആപ്പിൽ ലോഗിൻ ചെയ്യാനുള്ള സൌകര്യം ആയിട്ടില്ല. ഇതു സംബന്ധിച്ച് അന്തിമ തീരുമാനവും വന്നിട്ടില്ല. മദ്യ ശാലകൾ അടുത്ത ദിവസം മുതൽ തുറക്കാം എന്നു സർക്കാർ തത്വത്തിൽ തീരുമാനിക്ക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ അതിന് മുൻപ് തന്നെ ഓൺലൈനിൽ തിക്കിതിരക്കാണ്. ഇങ്ങനെയാവുമ്പോൾ കോവിഡ് നിയന്ത്രണങ്ങളെ ആദ്യ ദിവസങ്ങളിൽ ആവശ്യക്കാർ എങ്ങിനെ പാലിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് തുടക്കത്തിൽ ലോക്ഡൌൺ കഴിഞ്ഞ് ആപ്പ് ആദ്യമായിഏർപ്പെടുത്തിയപ്പോൾ പ്രവർത്തന പോരായ്മകൾ സൃഷ്ടിച്ച ബഗ്ഗുകൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കേരള സർക്കാരിൻ്റെ മുഖ്യ വരുമാന സ്രോതസാണ് മദ്യവില്പന. നേരത്തെ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ഹോം ഡെലിവറി അനുവദിക്കാൻ നീക്കമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു.

കേരളത്തിന് ശേഷം ആപ്പ് ഡെവലപ് ചെയ്ത ഡൽഹിയിൽ ഓൺ ലൈനായി ഹോം ഡെലിവറി നൽകി തുടങ്ങിയിട്ടുണ്ട്. ചത്തീസ് ഗഢ്, പഞ്ചാബ്, ഒഡിഷ, കർണ്ണാടക, ജാർഗണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണം കഴിഞ്ഞ് ബാറുകൾ തുറന്നതോടെ ജനുവരിയിലാണ് ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കപ്പെട്ടത്. ഇത് പലയിടങ്ങളിലും വീണ്ടും തിക്കും തിരക്കും നീണ്ട ക്യൂവും സൃഷ്ടിക്കാൻ ഇടയാക്കി. ഏറ്റവും വലിയ വരുമാന സ്രോതസാണെങ്കിലും ഒട്ടും വൃത്തിയും സൌകര്യങ്ങളും ഏർപ്പെടുത്താതെയാണ് മിക്ക സർക്കാർ മദ്യ ഔട്ട് ലെറ്റുകളും പ്രവർത്തിക്കുന്നത്. ഒട്ടും ഉപഭോക്തൃ സൌഹാർദ്ദപരമവുമല്ല. ഈ സാഹചര്യത്തിൽ ആപ്പ് ഇല്ലാതെ ഔട്ട്ലെറ്റുകൾ തുറന്നാൽ കോവിഡ് വ്യാപന കേന്ദ്രങ്ങളായി അവ മാറുമോ എന്നാണ് പൊതുവേയുള്ള ആശങ്ക.

Comments

COMMENTS

error: Content is protected !!