ദേവസ്വം ബോർഡും കരാറുകാരും തമ്മിലെ തർക്കം; ശബരിമലയിലെ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ
ദേവസ്വം ബോർഡും കരാറുകാരും തമ്മിലെ തർക്കം കാരണം ശബരിമലയിലെ പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ. ഒരു കരാർ നിലനിൽക്കെ കൂടിയ തുകയ്ക്ക് ദേവസ്വം ബോർഡ് പുനർലേലം നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. പുതിയ കരാറുകാരൻ ചുമതലയേൽക്കുന്നതുവരെയുള്ള കാലയളവിൽ പുഷ്പങ്ങൾ വിലകൊടുത്തു വാങ്ങുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ ചെയ്യുന്നത്.
സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകം. ഈ സീസണിൽ ഇതുവരെ പൂക്കൾ എത്തിക്കുന്നതിനുള്ള കരാർ ഗുരുവായൂർ സ്വദേശിക്കായിരുന്നു. ജി എസ് ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാർ തുക. എന്നാൽ തുക കുറവാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പുനർ ലേലം സംഘടിപ്പിച്ചു.
പുതിയ കരാർ 1,15,50000 രൂപയ്ക്ക് അടൂർ സ്വദേശി ഏറ്റെടുത്തു. എന്നാൽ ജി എസ് ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരൻ തള്ളുകയും പൂക്കൾ എത്തിക്കുന്നതിന് 3 ദിവസം സാവകാശം ചോദിക്കുകയും ചെയ്തു. കരാർ മറ്റൊരാൾക്ക് നൽകിയതോടെ പൂക്കളുടെ വിതരണം നിർത്തിവെക്കുമെന്ന് ആദ്യ കരാറുകാരൻ ദേവസ്വത്തെ അറിയിച്ചു. ഇതോടെ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ വരവ് തടസമുണ്ടായി. ഒരു കരാർ നിലനിൽക്കെ തുക കുറവെന്ന കാരണം പറഞ്ഞ് റദ്ദാക്കിയ ദേവസ്വം ബോർഡിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ സ്വദേശിയായ കരാറുകാരൻ.