ദേശം, എഴുത്ത്, പെരുമ’ യു.എ. ഖാദര്‍ അനുസ്മരണയോഗം നടത്തി

തിരൂര്‍: നവോത്ഥാനം സമൂഹത്തില്‍ സൃഷ്ടിച്ച മറവിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് യു.എ. ഖാദര്‍ സാഹിത്യരചന നിര്‍വഹിച്ചത് എന്ന്  പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ  ശ്രീ ഇ.പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. പഴമയോടൊപ്പം സമകാലികതയെയും ആവിഷ്കരിച്ച ആഖ്യാനരീതിയായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍. പ്രാദേശിക ദേശീയസ്വത്വ ആവിഷ്കാരങ്ങള്‍ക്ക് ഉപരിയായി മാനുഷികതയിലാണ് യു.എ ഖാദറിന്‍റെ കൃതികള്‍ കേന്ദ്രീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യ ഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ദേശം, എഴുത്ത്, പെരുമ’ യു.എ. ഖാദര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യപഠന സ്കൂള്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മുഹമ്മദ്റാഫി അദ്ദേഹം സംവിധാനം ചെയ്ത “മാമൈദിയുടെ മകന്‍” എന്ന ഡോക്യുമെന്‍റെറിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. സാഹിത്യപഠന സ്കൂള്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ. രാധാകൃഷ്ണന്‍, സാഹിത്യരചന സ്കൂള്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.സി. ഗണേഷ്, ഡോ.നിധീഷ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഗൂഗിള്‍മീറ്റ് വഴിയാണ് അനുസ്മരണ യോഗം നടന്നത്.

Comments

COMMENTS

error: Content is protected !!