Uncategorized
ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രികൻ മരിച്ച സംഭവം; ഹൈക്കോടതി ഇടപെട്ടു
കൊച്ചി: കൊച്ചിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി ഹൈക്കോടതി. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. റോഡിലെ കുഴികൾ സംബന്ധിച്ച കേസുകൾ തിങ്കളാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വെള്ളിയാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. സമീപത്തെ കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹാഷിമിന്റെ സ്കൂട്ടറിന് തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹാഷിം മരണമടഞ്ഞു.
Comments