അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു

ഗുവാഹട്ടി: അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു. ഭട്ടദ്രവമഠം സന്ദര്‍ശനമാണ് പൊലീസ് തടഞ്ഞത്. ക്ഷേത്രത്തിന് മുന്നില്‍ രാഹുല്‍ഗാന്ധിയും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയെ ഹൈബോറഗാവിൽ തടഞ്ഞുനിർത്തി മുന്നോട്ട് പോകുന്നതിൽ നിന്ന് അസം പൊലീസ് തടയുകയായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ അസമീസ് സന്യാസിയും പണ്ഡിതനുമായ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ നാഗോണിലാണ് ബടദ്രാവ സത്ര ക്ഷേത്രം. ‘അനാവശ്യ മത്സരം’ ഒഴിവാക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ അധികൃതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ഭാരത് ജോഡോ യാത്രയ്ക്ക് നേരെ ബിജെപി ആക്രമണമെന്ന് കോണ്‍ഗ്രസ്, കാവിക്കൊടി വീശിയ ആൾക്കൂട്ടത്തിലേക്കിറങ്ങി രാഹുൽ ഗാന്ധി. ”ഞങ്ങള്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്തവിധം തടയാന്‍ ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്? ഞങ്ങള്‍ ആരെയും ശല്യപ്പെടുത്താന്‍ പോകുന്നില്ല, ഞങ്ങളെ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്,” രാഹുല്‍ പ്രതികരിച്ചു. തുടര്‍ന്ന് രാഹുലും സംഘവും ക്ഷേത്രത്തിന് സമീപം കുത്തിയിരുന്നു.

രാമക്ഷേത്രവും ബടദ്രവ സത്രവും തമ്മില്‍ മത്സരമുണ്ടെന്ന് ഒരു ധാരണ സൃഷ്ടിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്നെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ടിവി ചാനലുകള്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഒരു വശത്ത് സംപ്രേഷണം ചെയ്യുമ്പോള്‍ മറുവശത്ത് മഹാപുരുഷ് ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിച്ച് വിവാദങ്ങളുണ്ടാക്കുന്നത് അസമിന് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ അസം പോലീസ് ക്ഷേത്രപരിസരത്ത് തടഞ്ഞത്.

Comments
error: Content is protected !!