ദേശീയപാതയിൽ സെൻട്രൽ മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്.
ദേശീയപാതയിൽ സെൻട്രൽ മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വടകരയിലെ ആശ, പാർക്കോ, സഹകരണ, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആശയിൽ 13 പേരും പാർക്കോയിൽ ഏഴു പേരും സഹകരണയിൽ ഒമ്പതു പേരും ജില്ല ആശുപത്രിയിൽ രണ്ടു പേരുമാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ സനീഷിനെയാണ് പാർക്കോ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെ.എൽ 18 ആർ 2901 ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്നു വന്ന എം.എച്ച് 09 എഫ്.എൽ 4976 ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെയും ബസിന്റെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസും ലോറിയും മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രക്ഷാപ്രവർത്തനത്തിന് ചോമ്പാല പൊലീസും നാട്ടുകാരും നേതൃത്വം നൽകി.