ദേശീയപാതാ വികസനം: വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും:
തിരുവനന്തപുരം> ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് മറ്റു വീടുകളില്ലെന്ന് ഉറപ്പുവരുത്തിയാവും നടപടി.
ഈ ഡിസംബറോടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കുന്നത് ആലോചിക്കും.ലൈഫ് മിഷന്റെ പുരോഗതി അവലോകനം ചെയ്തു. എല്ലാ മാസവും ലൈഫ് മിഷന്റെ പുരോഗതി വിലയിരുത്തും.
അടുത്ത വര്‍ഷം ആദ്യം നടപ്പാക്കേണ്ട പ്രവൃത്തികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ നിര്‍ദ്ദേശിച്ചു. ജില്ലകളുടെ ചുമതല നല്‍കിയിട്ടുള്ള സെക്രട്ടറിമാര്‍ സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടണം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പക്കലുള്ള ഭൂമി ഭവനസമുച്ചയ നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തണം.
തദ്ദേശസ്ഥാപനങ്ങളുടെ പക്കലുള്ള ഭൂമിയും കണ്ടെത്താവുന്നതാണ്. ഏതെല്ലാം പ്രദേശങ്ങളില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാനാവുമെന്നതിന്റെ പട്ടിക സെപ്റ്റംബറോടെ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു. ഭവന നിര്‍മാണത്തിന് എം. എല്‍. എമാരുടെ ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
ഇതുവരെ ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 85 ഭവനസമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. 2020 ഒക്ടോബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.