സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ് വ്യക്തമാക്കുന്നു. ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

സ്വപ്നക്ക് നാല് മാസം മുമ്പ് ജോലി നൽകിയതിന്‍റെ പേരിൽ എച്ച് ആർ ഡി എസിന്‍റെ ഓഫിസിൽ പൊലീസ് , ക്രൈംബ്രാഞ്ച് , ഇന്‍റലിജൻസ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കയറി ഇറങ്ങുകയാണ്. ഇത് സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശമ്പളം നൽകുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് എച്ച് ആർ ഡി എസ് ജോലി നൽകിയതെന്ന് എച്ച് ആർ ഡി എസ് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ സംഭാവനകൾ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാൻ താൽപര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നും എച്ച് ആർ ഡി എസ് വിശദീകരിക്കുന്നു.സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാൻ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

 

Comments

COMMENTS

error: Content is protected !!