ദേശീയപാത വികസനം: എലത്തൂർ നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളായതായി അധികൃതർ
എലത്തൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളായതായി അധികൃതർ. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ പെരിങ്ങിനി ജംഗ്ഷൻ, മൊകവൂർ-കുനിമ്മൽതാഴം എന്നിവിടങ്ങളിൽ അണ്ടർപാസുകൾ (എസ് വി യു പി) നിർമിക്കുന്ന കാര്യം പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി.
ബൈപ്പാസിന് സമീപത്തെ റോഡ്, ഇടവഴി, പറമ്പ് എന്നിവിടങ്ങളിലെ വെള്ളം ഒഴുക്കികളയുന്നതിന് അഡീഷണൽ ഡ്രെയ്നേജ് നിർമിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നതോടെ ഇത്തരം പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ എറ്റവും അടുത്ത ബൈപ്പാസ് കൾവർട്ടിലേക്ക് ബന്ധിപ്പിച്ച് ഡ്രൈനേജുകൾ നിർമിക്കാനും തീരുമാനമായി. ആളുകൾക്ക് വീടുകളിൽ നിന്ന് ബൈപ്പാസിലേക്ക് എത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കോർപറേഷൻ കൗൺസിലർമാരായ വി പി മനോജ്, എസ് എം തുഷാര, ഇ പി സഫീന, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ രാജ്ചന്ദ്രപാൽ, മുഹമ്മദ് ഷഫീൻ, കൺസൾട്ടിംഗ് ടീം ലീഡർ കെ പി പ്രഭാകരൻ, കൺസൾട്ടിംഗ് എൻജിനീയർ പി എൻ ശശികുമാർ, കരാറുകാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.