ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാര തുക നൽകി തുടങ്ങിയതായി അധികൃതർ
പയ്യോളി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുടിയിറക്കപ്പെട്ട കൊയിലാണ്ടി മണ്ഡലത്തിലെ വ്യാപാരികൾക്ക് നഷ്ടപരിഹാരത്തുക നൽകിത്തുടങ്ങി. നാഷണൽ ഹൈവേ അതോറിറ്റിയാണ് നഷ്ടപരിഹാരമായി 75,000 രൂപ വീതം നൽകുന്നത്. ആദ്യഘട്ടത്തിൽ മൂരാട് മുതൽ പൂക്കാട് വരെ, കടകളും സ്ഥാപനങ്ങളും ഒഴിയേണ്ടിവന്ന 35 പേർക്കാണ് ഉത്തരവിൻ്റെ കോപ്പി കൈമാറിയത്. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ മെയ് 31 നകം എത്തിച്ചേരുമെന്ന് നേഷണൽ ഹൈവേ അതോറിറ്റി അധികൃതർ അറിയിച്ചു.
പയ്യോളി വ്യാപാരഭവൻഓഡിറ്റോറിയത്തിൽ നടന്ന രേഖ കൈമാറൽ പരിപാടി എൻ എച്ച് ലാന്റ് അക്വസിഷൻ ഡപ്യൂട്ടി കലക്ടർ, പി എസ് ലാൽചന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയും, തൊഴിലാളികൾക്കുള്ള 35,000 രൂപയും കൂടി ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ശശി കുന്നുമ്മൽ, വ്യാപാരിവ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡൻ്റ് ഇ കെ സുകുമാരൻ, എൻ എച്ച് ലാന്റ് അക്വസിഷൻ തഹസിൽദാർ ദിനേശൻ, ഡപ്യൂട്ടി സൂപ്രണ്ട് അനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ ജെ അനിൽകുമാർ, വത്സരാജ്, ഉമേഷ്, ഹരിപ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത് മൂസ, ജില്ലാ സെക്രട്ടറി കെ ടി വിനോദൻ, യൂണിറ്റ്പ്രസിഡൻ്റ് എം ഫൈസൽ, എ സി സുനൈദ്, കെ പി റാണാപ്രതാപ്, ജയേഷ് ഗായത്രി, നിധീഷ് എന്നിവർസംസാരിച്ചു.