ദേശീയപാത വികസന പ്രവൃത്തി വിലയിരുത്താനെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മുമ്പിൽ പരാതികളുമായി നാട്ടുകാർ
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ദേശീയപാത വികസന പ്രവർത്തികൾ വിലയിരുത്താൻ എത്തിയ സംഘത്തിനു മുമ്പിൽ പരാതികളുമായി ഒട്ടേറെ പേർ എത്തി. കെ മുരളീധരൻ എംപി, കെ കെ രമ എംഎൽഎ എന്നിവരും പങ്കെടുത്ത പരിപാടിയിലാണ് കർമ സമിതികളും വിവിധ സംഘടനകളും വ്യക്തികളും പരാതി പറയാനെത്തിയത്.
മുക്കാളിയിൽ ടോൾ പ്ലാസ വരുന്നതു കൊണ്ട് സർവീസ് റോഡ് ഇല്ലാതാവുന്ന പ്രശ്നമായിരുന്നു ഏറെ പേർ ഉന്നയിച്ചത്. മുൻ ധാരണയിൽ നിന്നു വിരുദ്ധമായി കുഞ്ഞിപ്പള്ളി കബർസ്ഥാന്റെ കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതും ഇവിടേക്ക് മൃതദേഹം കൊണ്ടുപോകാൻ കഴിയാത്ത പ്രശ്നവും പള്ളി പരിപാലന സമിതി ഉന്നയിച്ചു. മടപ്പള്ളി, ഇരിങ്ങൽ എന്നിവിടങ്ങളിൽ അടിപ്പാതയുടെ ആവശ്യവും ഉയർന്നു.
പാതയുടെ പണി മുന്നോട്ടു പോയ സാഹചര്യമാണെങ്കിലും പരാതികൾ പരിഹരിക്കാൻ കഴിയാവുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഈ പ്രശ്നങ്ങളിൽ എംപിയുടെയും എംഎൽഎയുടെയും സഹകരണത്തോടെ ന്യായമായ പരിഹാര മാർഗം സ്വീകരിക്കുമെന്നും മന്ത്രി റിയാസ് ഉറപ്പു നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ ഉമ്മർ, പി.ശ്രീജിത്ത്, കലക്ടർ എൻ.തേജ് ലോഹിത് റെഡി, ദേശീയ പാത റീജനൽ ഓഫിസർ ബി.എൽ.മീണ എന്നിവരും വിവിധ പ്രദേശത്തെ കർമ സമിതി ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നു.