CALICUTDISTRICT NEWS
ദേശീയവിരമുക്ത ദിനം ജില്ലാതല ഉദ്ഘാടനം ഒളവണ്ണയില്‍- 7,51,981 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക സൗജന്യമായി നല്‍കും
ദേശീയവിരവിമുക്ത ദിനമായി ആചരിക്കുന്ന ഇന്ന് (ഫെബ്രുവരി 25) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിലെ കമ്പിളിപ്പറമ്പ് എ.എംയു.പിസ്‌കൂളില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ്കുമാര്‍ നിര്‍വ്വഹിക്കും. ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെയുള്ള 7,51,981 കുട്ടികള്‍ക്ക് സ്‌കൂളുകളിലും അംഗന്‍വാടികളിലുമായി വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക സൗജന്യമായി നല്‍കും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. റാലിയില്‍ പി.വി.എസ്്, ക്രസന്റ്് നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, അംഗന്‍വാടി ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ക്കാര്‍ എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ഡേകെയര്‍ സെന്ററുകളിലൂടെയുമാണ്കുട്ടികള് ക്ക് ഗുളിക നല്‍കുന്നത്. ആരോഗ്യവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിശീലനം നല്‍കി. ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ അംഗന്‍വാടികളിലും, മറ്റ് കുട്ടികള്‍ക്ക് സ്‌കൂളിലും വെച്ചാണ് ഗുളിക കഴിക്കേണ്ടത്. അംഗന്‍വാടികളിലും, സ്‌കൂളുകളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്ന് മുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോട അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കും. ഒന്ന് മുതല്‍ രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടീസ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ട് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഇന്ന് (ഫെബ്രുവരി 25) ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ മാര്‍ച്ച് മൂന്നിന് തീര്‍ച്ചയായും ഗുളിക കഴിക്കണം. മണ്ണില്‍ കളിക്കുന്നതിലൂടെയും, ശുചിത്വ മില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും, പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും, പോഷണ കുറവിനും, തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. അത് കുട്ടികളുടെ പഠന മികവിനെയും കായികക്ഷമതയേയും കാര്യമായി ബാധിക്കും. ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ ആറ് മാസത്തിലൊരിക്കല്‍ വിര മരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ തവണ ഗുളികകഴിച്ചവര്‍ ഉള്‍പ്പെടെ ഒരു വയസ്സുമുതല്‍ 19 വയസ്സ്വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഇന്ന് (ഫെബ്രുവരി 25) ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതിന് രക്ഷിതാക്കള്‍ മുന്നോട്ട് വരണം. കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും രോഗ പ്രതിരോധശേഷിയും പഠനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും വിരവിമുക്തമാക്കുന്നതിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക എല്ലാ കുട്ടികളും കഴിക്കണമെന്നും, ആരോഗ്യവും ബുദ്ധിയും കാര്യക്ഷമതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള ഈ സംരംഭത്തില്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അഭ്യര്‍ത്ഥിച്ചു.
Comments