‘ദേശീയ വിദ്യാഭ്യാസ നയം സാധ്യതകളും വെല്ലുവിളികളും’ ചര്‍ച്ച നടത്തി
തിരൂര്‍: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കരട് നയത്തെ അധികരിച്ച് മലയാളസര്‍വകലാശാല ഐ.ക്യൂ.എ.സി സെല്‍ സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ പ്രൊഫ.കെ.എന്‍.ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവിയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരട് നയത്തെക്കുറിച്ച് മലയാളസര്‍വകലാശാല പോലെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ചര്‍ച്ച നടക്കേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു.
ദേശീയവിദ്യാഭ്യാസ നയം പഴയരീതികളെ തിരുത്താനുള്ള റിപ്പോര്‍ട്ടല്ല മറിച്ച് പുതിയ കാഴ്ചപ്പാടുകളിലൂടെ വിദ്യാഭ്യാസത്തെ കാണുന്ന തരത്തിലൂള്ള ആശയങ്ങളാണ് നല്‍കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ പ്രൊഫ.കെ.എന്‍. ഗണേഷ് ഊന്നി പറഞ്ഞു. സര്‍വകലാശാലകളില്‍ ഈ നയത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഇത് അക്കാദമികമായ കീഴടങ്ങലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാപഠനത്തെ അവതരിപ്പിക്കുന്നത് പൈതൃകം പഠിക്കാനുള്ള ഉപാധിയായിട്ടാണെന്നും ഇത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യണമെന്നും കൂടാതെ ഈ റിപ്പോര്‍ട്ട് ഒരു തരത്തില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇതിന്‍റെ അന്തര്‍ധാരയെന്നും അദ്ദേഹം വിമര്‍ശിച്ചു.
രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ.ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐ.ക്യൂ.എ.സി. ഡയറക്ടര്‍ ഡോ.രാജീവ് മോഹന്‍, ഡോ.പി. സതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.