രാഷ്ട്ര പുനർനിർമാണത്തിൽ അധ്യാപകരുടെ പങ്ക് നിസ്തുലം: മുല്ലപ്പള്ളി

അരിക്കുളം : രാഷ്ട്ര പുനർ നിർമാണത്തിൽ അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം-23 കുരുടി മുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവും ദൈവവും കൺമുമ്പിൽ വന്നുനിന്നാൽ നാം ആദ്യം വണങ്ങുക ഗുരുവിനെയാണെന്നും എന്തു കൊണ്ടെന്നാൽ ദൈവം ആരാണെന്ന് ആദ്യം പറഞ്ഞു തന്നത് ഗുരുവാണെന്നും കബീർ ദാസിന്റെ വരികളെ ഉദ്ധരിച്ച് മുല്ലപ്പള്ളി പറഞ്ഞു. പുതിയ കാലത്ത് ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു പോയിട്ടുണ്ട്. ഇത് ദൃഢമാക്കേണ്ടതുണ്ട്. ഇരട്ടു നിറഞ്ഞ കാലത്ത് യുവതലമുറക്ക് വഴികാട്ടിയാവാൻ അധ്യാപകർക്ക് കഴിയും. വായന മനുഷ്യ മനസിനെ വിമലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവ്വീസിൽ നിന്നും വിരമിച്ച പഞ്ചായത്ത് പരിധിയിലെ 62 അധ്യാപികാധ്യാപകരെ ചടങ്ങിൽ മുല്ലപ്പള്ളി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.സി. ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, കെ. അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബിനി മഠത്തിൽ, സി.എം. ജനാർദ്ദനൻ, മണ്ഡലം സെക്രട്ടറി പി.കെ. കെ. ബാബു, പി.എം. രാധ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!