ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം: നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂടഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. . ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
ബുധനാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ റെയ്ഡ് നടത്തിയത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എന്‍ ഐ എ പരിശോധന. ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം 106 പേരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്ന് 22 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പ്രസിഡന്റ് സി പ. മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.