മഴ കനക്കാൻ സമയമെടുക്കും

ജൂലൈയിൽ രാജ്യത്ത് സാധാരണ മഴ ലഭിക്കുന്നതിൽ പ്രദേശങ്ങൾക്ക് അനുസരിച്ച് കുറവ് വരാമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ദീർഘകാല ശരാശരിയുടെ 94 മുതൽ 106 ശതമാനം മഴ ആയിരിക്കും ലഭിക്കുക. എന്നാൽ, വടക്കുപടിഞ്ഞാറ്, തെക്കൻ ഉപദ്വീപ്, മധ്യ- കിഴക്കൻ ഇന്ത്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണ മഴയേക്കാൾ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹൻപത്ര പറഞ്ഞു.

ജൂലൈയിൽ തെക്കൻ കേരളം, ആന്ധ്രാപ്രദേശിന്റെ വടക്കു പടിഞ്ഞാറ്, കൊങ്കൺ, മഹാരാഷ്ട്രയിലെ വിദർഭ, വടക്കൻ ഗുജറാത്ത്, വടക്കൻ രാജസ്ഥാൻ, ദില്ലി, ഹരിയാന, പഞ്ചാബ്, വടക്കൻ ഉത്തർപ്രദേശ്, വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ, തെക്കൻ സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സാധാരണയിൽ താഴെയാകും മഴയെന്ന് ഐഎംഡി  റിപ്പോർട്ട് പറയുന്നു.

ജൂൺ 19 മുതൽ കാലവർഷ മഴയിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. ജൂലൈ ഏഴ് വരെ ഇത് തുടരുമെന്നാണ് നിലവിലെ നിരീക്ഷണം. കാലവർഷത്തിൽ ഇത്തരത്തിൽ ഇടവേള എല്ലാവർഷവും ഉണ്ടാകാറുണ്ട്. മഴക്ക് അനുകൂലമായ അന്തരീക്ഷ സവിശേഷതകളുടെ അഭാവം, മാഡൻ ജൂലിയൻ ഓസിലേഷന്റെ (എം‌ജെ‌ഒ) ദുർബലമായ ഘട്ടം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് ഇതിനു കരണമാകുന്നത്.

“ജൂലൈ ഏഴിന് ശേഷം മഴ സജീവമായി തുടങ്ങും, പക്ഷേ ജൂലൈ 10 ന് ശേഷമാണ് പൂർണ്ണമായ മഴ പ്രതീക്ഷിക്കുന്നത്. ആ ആ സമയത്ത് ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ-മധ്യമേഖലയിൽ ഒരു ന്യൂനമർദം രൂപപ്പെടും. അതിനുശേഷം ഈ മാസം അവസാനം വരെ കൂടുതൽ മഴ ലഭിക്കും, ”മോഹൻപത്ര പറഞ്ഞു.

ജൂലൈ എട്ടിന് ഇന്ത്യയിൽ എല്ലായിടത്തും എത്താറുള്ള കാലവർഷം ഈ മാസം 15നോട് കൂടിയേ എത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാലവർഷം ഇനിയും എത്തിയിട്ടില്ല.

Comments

COMMENTS

error: Content is protected !!