CALICUTDISTRICT NEWS
ധീര സ്മരണയില്‍ സായുധസേനാ പതാകദിനം 7 ന്
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി മരിച്ച ധീരസൈനികരുടെ ഓര്‍മ പുതുക്കി ഡിസംബര്‍ ഏഴിന് സായുധസേന പതാകദിനം ആചരിക്കും. ജില്ലയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനവും ആദ്യപതാക സ്വീകരിക്കലും നടത്തും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു സായുധസേനാ പതാക ദിന സന്ദേശം നല്‍കും. സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായ വിതരണം എ.ഡി.എം റോഷ്്നി നാരായണന്‍ നിര്‍വഹിക്കും.
രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ മൗന പ്രാര്‍ത്ഥ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിക്കുക. സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനവും ആലപിക്കും. തുടര്‍ന്ന് വിമുക്ത ഭട ബോധവത്ക്കരണ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.
1949 ഓഗസ്റ്റ് 28ന് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് ഡിസംബര്‍ 7 പതാക ദിനമായി ആചരിച്ചു വരുന്നത്. പൊതുജനങ്ങള്‍ക്ക് പതാകയുടെ മാതൃക നല്‍കി അവരില്‍ നിന്ന് ചെറിയ സംഭാവനകള്‍ സ്വീകരിച്ച് സൈനികരുടെയും മുന്‍ സൈനികരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യമിട്ടത്. പ്രത്യേക പതാക വില്‍പ്പന നടത്തി നിധി സ്വരൂപിക്കുന്നത് കൊണ്ടാണ് ദിനത്തിന് പതാകദിനം എന്ന പേര് നല്‍കിയതും. രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികരുടെ ഓര്‍മ്മ പുതുക്കുന്നതോടൊപ്പം ഗുരുതരമായ അംഗവൈകല്യം സംഭവിച്ചതും ജീവച്ഛവമായ അവസ്ഥയിലുമുള്ള സൈനികര്‍ക്ക് സഹായമെത്തിക്കുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി കൂടിയാണ് ദിനാചരണം നടത്തി വരുന്നത്. സൈനികരോട് ആദരവ് പ്രകടിപ്പിക്കുന്നതിനും സൈനിക സേവനത്തിന് യുവജനങ്ങളെ സജ്ജരാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വിവിധ സൈനിക സംഘടനാ പ്രതിനിധികള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Comments