നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് മേല്‍പ്പാലങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാകും- മന്ത്രി മുഹമ്മദ് റിയാസ്
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് മേല്‍പ്പാലങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ഒമ്പതാമത് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നഗരത്തില്‍ പ്രധാനമായും വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ ദേശീയപാതയിലെ മീഞ്ചന്ത, അരീക്കാട്, വട്ടക്കിണര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളാണ്. ഈ സ്ഥലങ്ങളില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ക്കായി 285 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ട് മേല്‍പ്പാലങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന്റ 90 ശതമാനവും പരിഹരിക്കപ്പെടും. നഗരത്തിന്റെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിലൂടെ കൂടുതല്‍ റോഡുകള്‍ വീതികൂട്ടാനും പുതിയ റോഡുകള്‍ നിര്‍മിക്കാനുമുള്ള നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മറ്റു വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാത്ത കരാറുകാരെ പ്രവര്‍ത്തിയില്‍നിന്ന് നീക്കംചെയ്ത് റീ- ടെന്‍ഡര്‍ വിളിച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പേരാമ്പ്രയില്‍ ഇത്തരത്തില്‍ റീ-ടെന്‍ഡര്‍ ചെയ്ത് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ചത് അനുകരണീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വടകര, കൊയിലാണ്ടി, നോര്‍ത്ത്, എലത്തൂര്‍, സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളീലൂടെയുള്ള തീരദേശപാതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി പോലുള്ള മണ്ഡലങ്ങളുടെ മലയോരപാതയും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. നഗരത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമായ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ തീയതി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിക്കകം പൂര്‍ത്തീകരിച്ച് പ്രവൃത്തിയിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പുവരുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഇത്തരം കമ്മിറ്റികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ പ്രധാന പ്രവൃത്തികളായ വയനാട് ടണല്‍ റോഡ്, കോഴിക്കോട് സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ട് ഫേസ് 2, കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡ്, ബാലുശ്ശേരി കോഴിക്കോട് റോഡ്, പേരാമ്പ്ര ബൈപ്പാസ് പുതിയങ്ങാടി ഉള്ള്യേരി റോഡ് എന്നീ പ്രവര്‍ത്തികളുടെ അവലോകനം നടത്തി. ജില്ലയില്‍ നടപ്പാക്കി വരുന്ന പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നവ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാരണം വൈകുന്ന പ്രവൃത്തികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ഓരോ പ്രവൃത്തികളും പൂര്‍ത്തീകരിക്കേണ്ട സമയക്രമം നിര്‍ദേശിക്കുകയും സമയക്രമം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. എം.എല്‍.എമാര്‍ അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. പിടി.എ. റഹിം, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. രമ, തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. മുനീര്‍, ലിന്റോ ജോസഫ്, അഡ്വ. സച്ചിന്‍ദേവ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സാംബശിവറാവു, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, ചീഫ് എന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.