നഗരമധ്യേ കാലപ്പഴക്കത്തില്‍ തകര്‍ന്ന് വീഴാറായ ബഹുനില കെട്ടിടം പുതുമോഡിയാക്കാനുള്ള ജോലി തകൃതിയായി നടത്തുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംങ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ് വര്‍ഷങ്ങളായി അപകട ഭീഷണിയില്‍ നില്‍ക്കുന്നത്. പഴകി ദ്രവിച്ച് കമ്പികള്‍ പുറത്തായ കെട്ടിടത്തിന് പ്ലാസ്റ്റിംഗ് നടത്തി എ.സി.പി. ഷീറ്റ് ഇടുന്നതിന് വേണ്ടി ഇന്‍ഡസ്ട്രീയല്‍ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുള്ളവര്‍ക്കും സമീപ കെട്ടിടങ്ങള്‍ക്കും ഈ കെട്ടിടം വന്‍ ഭീഷണിയായിരിക്കുകയാണ്. നഗരസഭയിലെ 32-ാം വാഡില്‍ പടിഞ്ഞാറെ മീത്തലെ പീടിക പറമ്പില്‍ പാത്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് മേല്‍പ്പറഞ്ഞ കെട്ടിടം. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
നഗരസഭയുടെ അനുമതി ഇല്ലാതെയാണ് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് അറിയുന്നത്. കെട്ടിടത്തിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന് ഇരുമ്പ് കമ്പികള്‍ പുറത്തായ നിലയിലാണുള്ളത്. സമീപ ദിവസം കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ വലിയ സ്ലാബ് തകര്‍ന്ന് വീണിരുന്നു, രാത്രിയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കൊയിലാണ്ടയിലെ മുസ്ലീം ലീഗ് നേതാവിന്റെ അടുത്ത ബന്ധുവാണ് കെട്ടിടത്തിന്റെ ഉടമസ്ഥന്‍.
ഇപ്പോള്‍ ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ മെയിന്‍ സ്ലാബുമായി ബന്ധമില്ലാതെ കിടക്കുകയാണ്. താഴത്തെ നിലയിലെ സ്ലാബുകള്‍ തകര്‍ന്നതോടെ ഇരുമ്പ് തൂണുകള്‍ കൊണ്ട് കുത്ത് കൊടുത്ത നിലയിലാണുള്ളത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഷോ വാളില്‍ സ്ഥാപിച്ച ഹുരുഡീസ് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ആ ഭാഗങ്ങളില്‍ ഇപ്പോള്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്ന കെട്ടിടമാണ് ഇപ്പോള്‍ നഗരസഭയുടെയോ, ഫയര്‍ & സേഫ്റ്റി വിഭാഗത്തിന്റെയോ അനുമതിയില്ലാതെ മോഡികൂട്ടി നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നത്.