KOYILANDILOCAL NEWS

നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്തതിൽ ക്രമക്കേടെന്ന് പ്രതിപക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ 2022 ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ കുടിവെളളം വിതരണം ചെയ്ത വകയിൽ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം വന്നതായി പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി. മൊത്തം 78,34,000 ലിറ്റർ കുടിവെള്ളമാണ് ഈ കാല യളവിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതെന്നാണ് കരാറുകാരൻ പറയുന്നത്. ഒരു ലിറ്ററിന് 22 പൈസ നിരക്കിൽ കുടിവെളളം നൽകാനാണ് കരാർ നൽകിയിരുന്നത്. എന്നാൽ 25 പൈസ നിരക്കിലാണ് കരാറുകാരന് നഗരസഭ തുക അനുവദിച്ചത്. ഇങ്ങനെ ആദ്യഘട്ടത്തിൽ 66 ലക്ഷം ലിറ്റർ വെളളത്തിന്റെ തുകയായി 16,50,000 രൂപ കരാറുകാരന് ഇതിനകം നൽകിയിട്ടുണ്ട്. ലിറ്ററിന് 22 പൈസ നിരക്കിലാണ് കരാർ ഉറപ്പിച്ചതെങ്കിൽ 1,98,000 രൂപ നഗരസഭ ഇപ്പോൾ അധികമായി നൽകിയിട്ടുണ്ട്. 12,34,000 ലിറ്റർ വെള്ളത്തിന്റെ തുകയായി 30,8,000 രൂപ ഇനിയും കരാറുകാരന് നൽകുന്നതിന് അനുമതി തേടിയാണ് ഇക്കാര്യം അജണ്ടയായി ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ വന്നത്. 22 പൈസ നിരക്കിൽ കരാർ ഉറപ്പിച്ച ശേഷം ക്രമ വിരുദ്ധമായി 25 പൈസ നിരക്കിലാണ് കരാറുകാരന് തുക അനുവദിച്ചതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് ഈ വിഷയം വീണ്ടും പരിശോധിക്കാമെന്ന് പറഞ്ഞു കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ കെ സത്യൻ അജണ്ട മാറ്റിവെക്കുകയായിരുന്നു.

2022 മാർച്ച് 16ന് കൗൺസിൽ യോഗത്തിൽ സമർപ്പിച്ച അജണ്ടയിൽ ഒരു ലീറ്ററിന് 22 പൈസ നിരക്കിലാണ് കുടിവെളളം വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് സമർപ്പിച്ച വ്യക്തിക്കാണ് കരാർ നൽകിയത്. പ്രതിപക്ഷ നേതാവ് പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, എം ദൃശ്യ, മനോജ് പയറ്റുവളപ്പിൽ , എ അസീസ്, വൽസരാജ് കേളോത്ത്, പി ജമാൽ, രജീഷ് വെങ്ങളത്ത് കണ്ടി, ജീഷ് പുതിയേടത്ത്, പി പി ഫാസിൽ, കെ എം നജീബ്, വി വി ഫക്രുദീൻ,ഷീബ അരീക്കൽ, കെ എം സുമതി, കെ ടി വി റഹ്മത്ത്, ടി പി ശൈലജ എന്നിവരാണ് വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.

എന്നാൽ ആരോപണം ദുരുദ്ദേശപരമാണെന്നും ലിറ്ററിന് 22 പൈസ നിരക്കിൽ തന്നെയാണ് കുടിവെളളം വിതരണം ചെയ്തതെന്ന് വൈസ് ചെയർമാൻ കെ സത്യൻ പ്രതികരിച്ചു. ബുധനാഴ്ചത്തെ കൗൺസിൽ യോഗത്തിലെ അജണ്ടയിൽ 25 പൈസ എന്ന് അച്ചടിച്ച് വന്നത് അക്ഷര പിശക് മാത്രമാണെന്നും അത് തിരുത്തുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. ജൂൺ മാസം മഴക്കാലം തുടങ്ങും വരെ കുടിവെള്ളം വിതരണം ചെയ്തതായും കെ സത്യൻ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button