സാമൂഹ്യ വിരുദ്ധ മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നു, അധികാരികൾക്ക് മിണ്ടാട്ടമില്ല

മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുന്നോത്ത് മീത്തൽ രാജേഷ്

പേരാമ്പ്ര : ചെറുവണ്ണൂർ ആയുർവേദ ആശുപത്രി – കഞ്ഞോട്ട് മീത്തൽ പ്രദേശത്ത് മദ്യ മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം. പ്രദേശവാസികൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകുകയായിരുന്ന പ്രദേശവാസിയായ കുന്നോത്തു മീത്തൽ രാജേഷിന് ക്രൂര മർദ്ദനമേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിവറേജ് ഔട്ട്ലറ്റുകളിൽ നിന്ന് വാങ്ങി സ്റ്റോക്ക് ചെയ്ത് അനധികൃത മദ്യവില്പന നടത്തുന്ന സംഘം പ്രദേശത്ത് സജീവമാണ്. പ്രദേശവാസികൾ പലതവണ എക്സൈസ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. ആറ് മാസങ്ങൾക്ക് മുൻപ് ഒരു ഉഗ്രസ്ഫോടനം നടന്നിട്ട് പോലീസ് വന്ന് അന്വേഷിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മദ്യത്തിനൊപ്പം ലഹരി വസ്തുക്കളുടെ വില്പനയും തകൃതിയായി നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇവരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ പ്രദേശവാസികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് ആക്ഷൻ കമ്മിയും ജാഗ്രത സമിതിയും രൂപീകരിച്ചു. വാർഡുമെമ്പർമാരായ, ഏ കെ ഉമ്മർ, ശോഭീഷ് എന്നിവർ രക്ഷാധികാരികളായും എം പ്രകാശൻ ചെയർമാനും, പി പി ദാമോദരൻ കൺവീനറായും 101 അംഗ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!