നടന്ന് ഹജ്ജിന് പോകുന്ന ശിഹാബ് കര്‍ണാടകത്തിലേക്ക് പ്രവേശിച്ചു
മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ ചോറ്റൂര്‍ കേരളത്തിന്റെ അതിര്‍ത്തി കടന്ന് കര്‍ണാടകത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്തെത്തിയ ശിഹാബിനെ മാംഗ്ലൂര്‍ എംഎല്‍എ യുടി ഖാദര്‍ സ്വാഗതം ചെയ്തു.
‘ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട പുണ്യകര്‍മമായ ഹജ്ജ് നിര്‍വഹിക്കുന്നതിന് വേണ്ടി കേരളത്തില്‍ നിന്ന് ഏതാണ്ട് 8000 കിലോമീറ്റര്‍ അകലെയുള്ള സൗദി അറേബ്യയിലേക്ക് നടക്കുകയാണ്. ഇപ്പോള്‍ ശിഹാബ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സുഖകരമായിരിക്കട്ടെ എന്നാശംസിക്കുന്നു. യാത്ര സുഖകരമായിരിക്കാനും മക്കയിലെത്തി ഹജ്ജ് കര്‍മ്മം പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാകുവാനും അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.’, യുടി ഖാദര്‍ പറഞ്ഞു.
കഞ്ഞിപ്പുരയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 8600ഓളം കിലോമീറ്ററാണ് പിന്നിടേണ്ടത്. ദിവസവും ശരാശരി 25 കിലോമീറ്റര്‍ യാത്ര ചെയ്യാനാണ് ശുഹൈബിന്റെ തീരുമാനം. മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിശ്രമിക്കും. വാഗാ അതിര്‍ത്തി കടന്ന് പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴിയാണ് ശുഹൈബ് സൗദിയിലെത്തുക. ഒരു വര്‍ഷത്തേക്കാണ് വിസ. ഈ കാലാവധി നീട്ടാനും സാധിക്കും.