225 കോടി രൂപയുടെ കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; രണ്ടാം ഘട്ടം പദ്ധതി ടെണ്ടറായി

കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലേയും മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂർണ്ണ നഗര കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നു. കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ ചെയ്തു . ഇതോടൊപ്പം ഗാർഹിക കണക്ഷൻ നൽകുന്നതിനായി 22 കോടിയുടെ അമൃത് പദ്ധതി കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് .

പദ്ധതിയുടെ ഒന്നാം ഘട്ടം 2018 – ൽ കിഫ്ബി പദ്ധതിയിലൂടെ 85 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം 23 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കും നടേരി വലിയമലയിലും പന്തലായനി കോട്ടക്കുന്നും സ്ഥാപിച്ച 17 ലക്ഷം ലിറ്റർ വീതം വെള്ളം സംഭരിക്കാൻ കഴിയുന്ന രണ്ടു ടാങ്കുകളുടെയും പ്രവൃത്തിയും കൂടാതെ പെരുവണ്ണാമൂഴിയിൽ നിന്നും പ്രധാന ഗ്രാവിറ്റി മെയിൻ സ്ഥാപിച്ച് ടാങ്കുകളിൽ ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും  ഇതിനകം പൂർത്തിയായതാണ് .

വാട്ടര്‍ ടാങ്കുകളിലെത്തിയ കുടിവെള്ളം നഗരസഭയിലെ എല്ലാ വീടുകളിലേക്കും എത്തിക്കുന്ന വിതരണ ശൃംഖലയും ചെറു സ്റ്റോര്‍ ടാങ്കുകളും ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. 120 കോടി രൂപയുടെ പുതുക്കിയ പ്രൊജക്ട് കോഴിക്കോട് വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം സമര്‍പ്പിച്ച പ്രോജെക്ടിന് 31/ 03/ 23 ന് കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭിച്ചിരുന്നു . ഇപ്പോൾ 118.30 കോടി രൂപയുടെ സാങ്കേതിക അനുമതി വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ നൽകിയിട്ടുണ്ട് .

നഗരസഭയിലെ 20000 ത്തോളം വീടുകളിൽ കണക്ഷൻ നല്കാൻ സാധിക്കുന്ന പദ്ധതിയിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത് . ഒന്നാമത്തെ സോണായ വലിയമലയിൽ നിന്ന് 146.87 കിലോമീറ്റർ വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത് . രണ്ടാമത്തെ സോൺ ആയ കൊയിലാണ്ടി ടൗണും തീരദേശവുമടങ്ങുന്ന പ്രദേശത്ത് 97.66 കി.മീറ്ററും മൂന്നാമത്തെ സോണായ കോട്ടക്കുന്നിൽ നിന്നും 117.61 കി മി വിതരണ ശൃംഖലയും സ്ഥാപിക്കുന്നു. കൂടാതെ 22 കോടിയുടെ അമൃത് പദ്ധതിയിൽ മേൽപ്പറഞ്ഞ വിതരണ ശൃംഖലയിൽ നിന്ന് നഗരസഭയിലെ 15000 വീടുകളിലേക്ക് വാട്ടർ മീറ്ററുകൾ സ്ഥാപിച്ച് കണക്ഷൻ നൽകുന്ന പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതിൽ ബാക്കിവരുന്ന 5000 കണക്ഷനുകൾ കിഫ്‌ബി പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത് .


കൂടാതെ പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് മുറിക്കുന്ന സ്ഥലങ്ങളിൽ ( മുനിസിപ്പാലിറ്റി, PWD, NH, NHAI, റെയിൽവേ ) പൂർത്തീകരണത്തിനായുള്ള തുകയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവൃത്തി 15/ 09/ 2023 ന് ടെൻഡർ ചെയ്തു . ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി 19/ 10/ 2023 ആണ് . മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈ ഡിസംബർ മാസത്തോടെ പദ്ധതി ആരംഭിക്കാനാവും . കൂടാതെ 2024 ഡിസംബർ മാസം പദ്ധതി പൂർത്തീകരിക്കുെമെന്നും വാർത്താ സമ്മേളനത്തിൽ കാനത്തിൽ ജമീല. എംഎൽഎ പറഞ്ഞു

പദ്ധതി പൂർത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകും.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ ചാലു കീറുമ്പോൾ പൊതുജനങ്ങളുടെയും, മറ്റു വകുപ്പുകളുടെയും പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും, എല്ലാ വകുപ്പുകളിടെയും പൂർണ സഹകരണം അഭ്യർത്ഥിക്കുന്നതായി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജു . ഇ.കെ.അജിത് എന്നിവർ പങ്കെടുത്തു.

Comments
error: Content is protected !!