നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്നു ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിന് നൽകിയ സമയം അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയത്തിനായി ക്രെെംബ്രാഞ്ച് വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകൾ ഇനിയും ശേഖരിക്കാനുണ്ട്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. ഇതിനു ബുദ്ധമുട്ടുണ്ടെന്നും കോടതി സമയപരിധി വയ്ക്കുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘം തുടരന്വേഷണം എന്ന പേരിൽ പുനരന്വേഷണം നടത്തുന്നതെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് തനിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടായതെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.