നടിയെ ആക്രമിച്ച കേസിൽ ഈ മാസം 10ന് വിചാരണ പുനഃരാരംഭിക്കും
നടിയെ ആക്രമിച്ച കേസ് ഈ മാസം 10ന് വിചാരണ പുനഃരാരംഭിക്കും. സാക്ഷി വിസ്താരത്തിൻ്റെ സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചു. 39 സാക്ഷികളെ ആണ് വിസ്തരിക്കുക. ഡിസംബർ 6 വരെ വിസ്തരിക്കേണ്ടവരുടെ തിയ്യതി തീരുമാനിച്ചു.
ഏറ്റവും കൂടുതൽ ദിവസം വിസ്തരിക്കുക ബാലചന്ദ്രകുമാറിനെ ആയിരിക്കും. മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം തീരുമാനിക്കും. മൂന്നു പേരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 36 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു.