നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസ്
വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ വാഗമൺ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്‌സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, പങ്കെടുത്തവർക്കെതിരെയും വാഹന ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തു.
നടൻ ജോജു ജോർജിനെതിരെ കെഎസ്‌യു ഇന്നലെ പരാതി നൽകിയിരുന്നു. വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കാണ് പരാതി നൽകിയത്.
വാഗമൺ എം എം ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോർജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.