നടൻ വിക്രമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നടൻ വിക്രമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ് സിനിമയിലെ മുൻനിര നായകനായ വിക്രമിനെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചു. ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി . അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി വൃത്തങ്ങൾ ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊന്നിയിൻ സെൽവന്റെ ടീസർ ഇന്ന് വൈകിട്ട് ആറുമണിക്ക് അദ്ദേഹം പുറത്തിറക്കേണ്ടതായിരുന്നു. സിനിമയുടെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതുപോലെ തന്നെ വിക്രമിന്റെ മറ്റൊരു ചിത്രമായ കോബ്രയുടെ മ്യൂസിക് ലോഞ്ച് പാർട്ടിയും നാളെ നിശ്ചയിച്ചിരുന്നു.