നദീസംരക്ഷണ സന്ദേശവുമായി ജലമർമ്മരം ചിത്രകലാക്യാമ്പിന് വർണ്ണാഭമായ സമാപനം
മാഹി: മലയാള കലാഗ്രാമത്തിൽ ചിത്രകാരൻ സുരേഷ് കൂത്ത്പറമ്പ് ഉദ്ഘാടനം ചെയ്ത ദ്വിദിന ജലമർമ്മരം പെയിന്റിംഗ് ക്യാമ്പിൽ പ്രശസ്ത കലാകാരന്മാർ ഒത്തുചേർന്ന് നടത്തിയ ചിത്രരചന ശ്രദ്ധേയമാകുന്നു.
സമാപന സമ്മേളനം മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ അദ്ധ്യക്ഷനായി.
മനുഷ്യൻ്റെ അശാസ്ത്രീയമായ ഇടപെടൽ കാരണം അനുദിനം നാശത്തിൻ്റെ വക്കിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നദികൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മൾ ഓരോരുത്തരുടേയും കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടങ്ങളാണ് പുഴകൾ എന്ന ബോധ്യം നമ്മൾ ആദ്യം തിരുത്തേണ്ടതുണ്ട്.
ഇതിനെതിരെ ചിത്രങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നതാണ് ജലമർമ്മരത്തിൻ്റെ ലക്ഷ്യം. സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിൽ പുഴകളുടെ അനുപമമായ സൗന്ദര്യം ഒപ്പിയെടുക്കുന്നത് വഴി ചിത്രകലയും കൂടുതൽ ജനകീയമാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യമാക്കുന്നത് എന്ന് ക്യാമ്പ് ഡയറക്ടർ പ്രദകുമാർ ഒഞ്ചിയം അഭിപ്രായപ്പെട്ടു. വത്സൻ, പ്രശാന്ത് ഒളവിലം, ചാംരാജീവ് ചോമ്പാല എന്നിവർ നേതൃത്വം കൊടുത്തു.