നന്മ തുന്നുന്ന ലിസി: പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌

 

കോഴിക്കോട്‌> മഴയിൽ മുങ്ങുന്ന നാടിന്‌ കര കയറാൻ പതിനായിരം രൂപ നൽകി രാജസ്ഥാൻകാരിയായ ചെരിപ്പുകുത്തി.  പേരാമ്പ്ര തെരുവിലെ  ലിസി(ഡയാന വർഗീസ്‌)യാണ്‌ പ്രളയമെടുക്കാത്ത ജീവിതനന്മയുടെ മഹാമാതൃക തുന്നുന്നത്‌. ബസ്‌സ്റ്റാൻഡിന്റെ ഓരത്തിരുന്ന്‌ പൊട്ടിയ ചെരിപ്പുകൾ തുന്നിക്കിട്ടുന്ന ചില്ലിക്കാശിൽനിന്നാണിവർ  വലിയ തുക നാടിന്‌ സമ്മാനിക്കുന്നത്‌.  ആസിഡ്‌ പൊള്ളലേറ്റ ശരീരവുമായി കുഞ്ഞുപ്രായത്തിൽ കേരളത്തിലെത്തിയതാണ്‌ ലിസി.

‘നാടും നാട്ടുകാരും പ്രയാസത്തിലാകുമ്പോൾ നമുക്ക്‌ പണവും സുഖവുമുണ്ടായിട്ടെന്ത്‌ കാര്യാ…’ എന്തിനിത്ര പണം നൽകുന്നുവെന്ന ചോദ്യത്തിനുള്ള ലിസിയുടെ മറുപടിയിലുണ്ട്‌ നന്മയുടെ തുടിപ്പ്‌. മഴ കലിതുള്ളിയതിനാൽ കുറേ ദിവസമായി ലിസിക്ക്‌ പണിയില്ലായിരുന്നു.  വള്ളിപൊട്ടി തേഞ്ഞ ചെരിപ്പുപോലെ ജീവിതവും കഷ്ടത്തിലായി.  കഴിഞ്ഞ വർഷം മഹാപ്രളയത്തിന്‌ പതിനായിരം രൂപയും ഇരുപത്തഞ്ച്‌ സാരിയുമായിരുന്നു ലിസിയുടെ സംഭാവന.

രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ ലിസി കൊയിലാണ്ടിയിലാണ്‌ ചെറുപ്രായത്തിൽ എത്തിയത്‌.  പത്തുവർഷത്തിലധികമായി പേരാമ്പ്രയിലാണ്‌.   ദയ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സെന്റർ വളന്റിയർ, തെരുവോര തൊഴിലാളി യൂണിയൻ(സിഐടിയു) ഭാരവാഹി എന്നീ നിലകളിൽ സജീവസാന്നിധ്യം. അടുത്ത ദിവസം സ്വന്തം എംഎൽഎയായ മന്ത്രി ടി പി രാമകൃഷ്‌ണനെ കണ്ട്‌ ദുരിതാശ്വാസ ഫണ്ട്‌ കൈമാറണമെന്നാണ്‌ ലിസിയുടെ ആഗ്രഹം.

Comments

COMMENTS

error: Content is protected !!