നമ്പർ 18 ഹോട്ടലിലെ പീഡനം: പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കമ്മിഷണർ
നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ വി.യു.കുര്യാക്കോസ്. ഹോട്ടൽ ഉടമ റോയി വയലാറ്റ്, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവർക്കെതിരെയാണ് കമ്മിഷണറുടെ പരാമർശം. കേസിൽ പ്രതികൾ കോവിഡിന്റെ മറവിൽ ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്നും കോടതിയെ സമീപിക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്കെതിരായ അന്വേഷണം കൃത്യമായാണു മുന്നോട്ടു പോകുന്നത്. പല സാക്ഷികളെയും നേരിൽ കണ്ടു ചോദിച്ചതിൽ നിന്ന് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിലും പരാതികൾ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ മിസ് കേരള അൻസി കബീറിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനോട് എതിർപ്പില്ലെന്നും ഡിസിപി വ്യക്തമാക്കി.
അഞ്ജലിക്കെതിരായ പരാതിയിൽ ഒൻപതിലേറെ പെൺകുട്ടികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഒൻപതു പേരെങ്കിലും മജിസ്ട്രേറ്റു കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ ജീവനക്കാരിൽ ഒരാളുടെ മകളെ ദുരുപയോഗം ചെയ്ത സംഭവത്തിൽ കുട്ടി കടുത്ത മാനസിക സമ്മർദത്തിലാണെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ പരാതിക്കാരി, അവർക്കെതിരായ ചില പരാതികൾ പുറത്തു വരാതിരിക്കുന്നതിനു വേണ്ടിയാണ് പോക്സോ കേസ് നൽകിയതെന്നു അഞ്ജലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
അഞ്ജലി ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ പൊലീസ് മുതിർന്നിട്ടില്ല. പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി റോയി വയലാറ്റ്, അഞ്ജലി, സൈജു തങ്കച്ചൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ബുധനാഴ്ച പരിഗണിക്കും.