നരബലി കേസില്‍ ഇടനിലക്കാരന്‍ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭഗവൽ സിംഗിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ലൈലക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. സ്ത്രീകളെ കൊന്ന രീതി വിവരിക്കാന്‍ കഴിയാത്ത വിധം ക്രൂരമാണെന്നും കമ്മീഷണർ പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മത്തെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു.
പത്മത്തിന് പുറമെ റോസ് ലിന്‍ എന്ന കാലടി സ്വദേശിയെയും ബലി നല്‍കിയെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ കാലടി സ്വദേശിയുടെ തിരോധാനത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. പത്തനംതിട്ട എലന്തൂർ പുന്നക്കാട് സ്വദേശികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികള്‍ക്കായാണ് ബലി നടത്തിയതെന്ന് ഏജന്റ് മൊഴി നല്‍കിയതോടെ ഇവരേയും കസ്റ്റഡിയില്‍ എടുത്തു.
സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരിന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി കുഴിച്ചിട്ടുവെന്നാണ് പൊലീസ് ലഭിച്ച വിവരം.
അതേസമയം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്രതിയായ ഭഗവൽ സിംഗിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീടിന് 50 മീറ്റർ അകലെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇക്കാര്യം കൊച്ചി കമീഷണർ സ്ഥിരീകരിച്ചു.
കഷണങ്ങളായി മുറിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ആഴത്തിൽ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് പറഞ്ഞു. കഷണങ്ങളായി മുറിച്ച് മാറ്റിയ നിലയിലാണ് കണ്ടത്. അൽപ്പം മുമ്പാണ് പൊലീസ് ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.