KSRTC വ്യാപാര സമുച്ചയം തുറക്കുന്നു. യാത്രക്കാർക്ക് ഞെരുക്കം തന്നെ

നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ തുടർന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ആഗസ്റ്റ് 26ന് തുറക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. എന്നാൽ ബസ്റ്റാൻ്റിലെ ഇരുട്ടും അസൌകര്യങ്ങളും ആരു സഹിക്കും എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ല.

നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ബസ്സ് കാത്തിരിപ്പ് സ്ഥലത്ത് വേണ്ടത്ര വെളിച്ചമോ വായു സഞ്ചാരമോ ലഭിക്കുന്നില്ല. ഇത്രയും വിപുലമായ കോംപ്ലക്സ് യാത്രക്കാരെ ആശ്രയിച്ചാണ് പ്രവർത്തിക്കേണ്ടത്. യാത്രക്കാരെ പരിഗണിക്കാതെയാണ് കാത്തിരിപ്പ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രമല്ല തൂണുകളുടെ അശാസ്ത്രീയമായ നിർമ്മാണം യാത്രക്കാർക്കും ബസ്സുകൾക്കും ഭീഷണിയാണ്. ഇടുങ്ങിയ സ്ഥലത്തേക്ക് കയറ്റി വേണം ബസ്സുകൾ യാത്രക്കാരെ കയറ്റാനായി പാർക്ക് ചെയ്യാൻ.

നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചിലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.റ്റി ഡി.എഫ്.സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും എന്നാണ് ഔദ്ധ്യോഗിക കണക്ക്.

എന്നാൽ യാത്രക്കാർക്കുള്ള സൌകര്യം പരിമിതവും ആധുനിക സർവ്വീസ് റൂളുകൾക്ക് ചേർന്നതല്ലാത്തതുമാണ്. ശൌചാലയത്തിലെ കാശ് പിരിവിൽ മാത്രമാണ് ഉയർന്ന നിലവാരം എന്ന് സ്ഥിരം യാത്രക്കാർ പരാതിപ്പെടുന്നു.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെയും പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ നിരന്തരമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തുറക്കാനും ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കാനും തീരുമാനമായത്.

കെഎസ്ആര്‍ടിസി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്. യാത്രക്കാർക്കുള്ള സൌകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാധ്യതകൾ പോലും ഇല്ലാത്ത രൂപകല്പനയാണ് ഇതിൻ്റേത്.

Comments

COMMENTS

error: Content is protected !!