നഴ്സിനെ കൂട്ട മാനഭംഗത്തിനിരയാക്കി; നാല് നീന്തൽ താരങ്ങൾ അറസ്റ്റിൽ
ബംഗളൂരു: ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട നഴ്സിനെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയിൽ നാല് നീന്തൽ താരങ്ങൾ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ രജത്, ശിവാരൺ, ദേവ് സരോയ്, യോഗേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നീന്തൽ പരിശീലനത്തിന് എത്തിയതായിരുന്നു നാലുപേരും. ഇതിനിടെ ഡേറ്റിങ് ആപ് വഴി രജത് പരിചയപ്പെട്ട യുവതിയെ ഡിന്നറിന് ക്ഷണിച്ചു. ഭക്ഷണശേഷം ഇവരുടെ മുറിയിലെത്തിയപ്പോൾ യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് യുവതി മുറിയിൽനിന്ന് രക്ഷപ്പെട്ടതെന്ന് പരാതിയിൽ പറഞ്ഞു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കേസെടുത്ത സഞ്ജയ് നഗർ പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് രജതിനെ പിടികൂടിയത്. മറ്റൊരു പ്രതിയെ ബസവനഗുഡിയിൽനിന്നും രണ്ടുപേരെ ചിക്ക്പേട്ടിൽനിന്നുമാണ് പിടികൂടിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.