നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും സഞ്ചാര്‍ സാഥി
നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും ഇനി സഞ്ചാര്‍ സാഥി. മൊബൈല്‍ ഫോണ്‍ മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സഞ്ചാര്‍ സാഥി പോർട്ടലിന്റെ ഉദ്ഘാടനം ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങും മുൻപ് അവ യഥാർഥത്തിൽ വിൽപ്പനയ്ക്കു വച്ചതുതന്നെയാണോ എന്ന് ഉറപ്പുവരുത്താനും പുതിയ പോർട്ടൽ സഹായിക്കും.
സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) മൊഡ്യൂളിന്റെ സഹായത്തോടെയാണ് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നത്. ഇവ ഏത് സേവനദാതാക്കളുടെ നെറ്റ്വര്ക്കില് ഉപയോഗിച്ചാലും പ്രവര്‍ത്തനരഹിതമാക്കാം. ഈ ഫോണ്‍ പിന്നീട് ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാനാവില്ല. മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ അറിയാം. അത് ഉടന്‍ ബ്ലോക്ക് ചെയ്യാം.
പോര്‍ട്ടലിലെ ടാഫ്കോപ് എന്ന മൊഡ്യൂളില്‍ ഒരാളിന്റെ പേരില്‍ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാം. ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ കണക്ഷനുകളെക്കുറിച്ച് ടെലികോം മന്ത്രാലയത്തെ അറിയിക്കാം. പോര്‍ട്ടലിലെ കെവൈഎം എന്ന മെനു വഴി സ്വന്തം പേരില്‍ മറ്റാരെങ്കിലും പുതിയ കണക്ഷനുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരയാം.
വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഒന്നിലധികം കണക്ഷനുകള്‍ എടുക്കുന്നത് തടയാന്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആസ്ട്ര എന്ന മൊഡ്യൂളും മന്ത്രി അവതരിപ്പിച്ചു. ആസ്ട്രയുടെ സഹായത്തോടെ 40 ലക്ഷം വ്യാജ കണക്ഷനുകള്‍ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു.