Uncategorized
നഷ്ടപ്പെട്ട ഫോൺ ഇനി അതിവേഗം കണ്ടെത്താം, വഴിയൊരുക്കി ടെലികോം മന്ത്രാലയം
രാജ്യത്ത് സ്മാർട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ മോഷണവും കൂടി. എന്നാൽ നഷ്ടപ്പെടുന്ന ഫോണുകൾ അതിവേഗം കണ്ടെത്താൻ നിലവിൽ സംവിധാനങ്ങളുമില്ല. ഇതിനെല്ലാം പരിഹാരമായാണ് മൊബൈൽ മോഷ്ടാക്കളെ പിടികൂടാൻ പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം വന്നിരിക്കുന്നത്. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി(ഐഎംഇഐ) നമ്പർ സമാഹരിച്ച്, ഉപയോഗം തടയാനും ഫോണുകൾ കണ്ടെത്താനുമുള്ള സംവിധാനം ഉടൻ നിലവിൽ വരും. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ(സിഇഐആർ) എന്ന ഡേറ്റാബേസ് ഓൺലൈനായാണു നടപ്പാക്കുക.
മൊബൈൽ മോഷ്ടിക്കപ്പെട്ടാൽ, പ്രത്യേക വെബ്സൈറ്റിൽ ഐഎംഇഐ നമ്പർ ഉൾപ്പെടെ റജിസ്റ്റർ ചെയ്യാം. മന്ത്രാലയം ഈ നമ്പർ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുകയും ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും.
ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി പൊലീസിൽ പരാതി നൽകുക. തുടർന്ന് ഹെൽപ്‌ലൈൻ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കുക. ഫോൺ മോഷണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളും റിപ്പോർട്ടിനൊപ്പം നൽകേണ്ടതുണ്ട്. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ ഐഎംഇഐ നമ്പറുകൾ ലിസ്റ്റിൽ ഉൾപ്പെടുത്തുക. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ ബ്ലാക്ക് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.
2017 ജൂലൈയിലാണു പദ്ധതി കേന്ദ്രമന്ത്രാലയം പ്രഖ്യാപിച്ചത്. പിന്നാലെ മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. സിഇഐആർ സംവിധാനം അടുത്തയാഴ്ച നിലവിൽ വരുമെന്നാണു ടെലികോം മന്ത്രാലയം അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ഇടക്കാല ബജറ്റിൽ ഈ പദ്ധതിക്കായി 15 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
Comments