നസീർ നൊച്ചാടിന് അദ്ധ്യാപക പുരസ്കാരവും
പേരാമ്പ്ര: സംസ്ഥാന മദ്യവർജ്ജന സമിതിയുടേയും ഫ്രീഡം ഫിഫ്റ്റിയുടേയും ജെ മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാർഡ്, അദ്ധ്യാപക പരിശീലകനും സാഹിതി ഡയറക്ടറുമായ നസീർ നൊച്ചാടിന്. ലോക പുസ്തക ദിനമായ ഏപ്രിൽ 23ന് അഞ്ചു മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ എം പി പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും. ലോകത്തിലെ ആദ്യത്തെ കുട്ടികളുടെ റേഡിയോ ആയ സാഹിതി വാണിയുടെ കോഫൗണ്ടറും ചീഫ് എഡിറ്ററുമാണ് നസീർ നൊച്ചാട്. കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ എജ്യു കെയറിൻ്റെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ, ആഗോള പരിസ്ഥിതി പ്രസ്ഥാനമായ ഗ്ലോബിൻ്റെ പരിശീലകൻ, റേഡിയോ പേരാമ്പ്ര ഡയറക്ടർ ജനറൽ, പതിനഞ്ചോളം സാംസ്കാരിക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
കൊറോണക്കാലത്ത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി അഞ്ഞൂറിലധികം ഓൺ ലൈൻ വെബിനാറുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മൈസൂർ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗൈഡൻസ് ആൻ്റ് കൗൺസലിംഗിൽ അന്താരാഷ്ട്ര ഡിപ്ലോമ നേടിയ ഇദ്ദേഹം അറിയപ്പെടുന്ന മോട്ടിവേഷൻ ട്രയിനറും പ്രഭാഷകനുമാണ്. സാഹിതി ഇൻറർനാഷണലിൻ്റെ അക്കാദമിക് ഡയറക്ടറാണ്. മൂന്ന് പുസ്തങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ മികച്ച കോഡിനേറ്ററായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
ജല തരംഗം പദ്ധതി ദേശീയ മികവ് സെമിനാറിൽ പുരസ്കാരം നേടി. മാതൃഭൂമിയുടെ സീഡ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കോഡിനേറ്ററായി പ്രവർത്തിച്ച പ്രളയ പുനരധിവാസ പദ്ധതികളിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 35 പേർക്ക് വീടുകൾ നിർമ്മിച്ച് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി സമരമായ ചെങ്ങോട് മല സംരക്ഷണത്തിൻ്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചുവരുന്നു.