നാട് ചുട്ടുപൊള്ളുന്നു. വേനൽമഴക്ക് വേഴാമ്പലുകളെപ്പോലെ കാത്തിരിക്കയാണ് ജനങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത. ഈ മാസം മുപ്പത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒരാഴ്ച കാലമായി കോഴിക്കോട് ജില്ലയിൽ അങ്ങിങ്ങായി ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. എന്നാൽ വ്യാപകമായ നിലയിൽ മഴ ലഭിച്ചിട്ടില്ല. മലയോര മേഖലയെ അപേക്ഷിച്ച് തീരദേശ മേഖലകളിൽ മഴ തുലോം കുറവാണ്. അന്തരീക്ഷ ഊഷ്മാവ് 36 ഡിഗ്രിക്ക് മുകളിലെത്തിയതോടെ ചൂട് അസഹ്യമാവുകയാണ്. അന്തരീക്ഷ വായുവിൽ ഈർപ്പത്തിൻ്റെ അളവ് കൂടിയതോടെ പൊള്ളലേൽക്കുന്ന അവസ്ഥയാണ് വെയിലേൽക്കുമ്പോൾ. സൂര്യാഘാതമേൽക്കുന്ന സംഭവങ്ങളും അങ്ങിങ്ങായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തണ്ണി മത്തൻ, ശീതളപാനിയങ്ങൾ എന്നിവയുടെ വില കൂട്ടിയിട്ടുണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. വീടുകളിലെ ആവശ്യത്തിന് 50 ലിറ്ററിൻ്റേയും 30 ലിറ്ററിൻ്റേയും കുപ്പികൾ വാങ്ങുന്നവർ തന്നെ അങ്ങാടിയിലിറങ്ങുമ്പോൾ ദാഹശമനത്തിന് അരലിറ്റർ ഒരു ലിറ്റർ കുപ്പികൾ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നഗര പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ കുടിവെള്ള വിതരണം നടക്കുന്നുണ്ട്. ചില സംഘടനകളും പോലീസുമൊക്കെയാണ് കുടിവെള്ള വിതരണമേറ്റെടുത്തത്.നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും ലോറികളിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ ആദ്യവാരത്തോടെ ചൂട് ഇനിയും കൂടാനാണ് സാധ്യത എന്നും കലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൂടുകൂടുന്നതിനനുസരിച്ച് വേനൽ മഴയും ശക്തിപ്പെടാനാണ് സാദ്ധ്യത.