നിരോധിത വെളിച്ചെണ്ണകള്‍ വില്‍പന നടത്തിയാല്‍ നിയമനടപടി

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
മെയ് ,ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നി ബ്രാന്‍ഡുകളുടെ നിരോധനം.  നേരത്തേ ഇതേ കമ്പനിയുടെ സുരഭി, സൗഭാഗ്യ എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ നിരോധിച്ചിരുന്നു. നിരോധിച്ച ബ്രാന്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നതോ വില്‍പനക്കായി വച്ചിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
കൊക്കോസ് കോക്കനട്ട് ഓയില്‍, മലബാര്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കണ്ണൂര്‍ കോക്കനട്ട് ഓയില്‍, കിംഗ്സ് റോളക്സ് കോക്കനട്ട് ഓയില്‍ എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും ഗുണനിലവാരം കുറഞ്ഞതാണെന്നു ലബോറട്ടറി പരിശോധന ഫലം ലഭിച്ചിട്ടുണ്ട് ഈ കമ്പനികള്‍ക്കെതിരെയും സ്ഥാപനകള്‍ക്കെതിരെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. നിരോധിത ബ്രാന്‍ഡുകളോ മറ്റു ഗുണനിലവാരം കുറഞ്ഞ ബ്രാന്‍ഡുകളോ വില്പന നടത്തുന്നത് കണ്ടാല്‍ 0495 -2720744 ,8943346191 എന്നീ നമ്പറില്‍ അറിയിക്കാം.
Comments

COMMENTS

error: Content is protected !!