ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം

തിരുവനന്തപുരം: രാജ്യത്തെമ്പാടും  ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുകയാണ്. ദേശീയ തലത്തിൽ ആറിനം വസ്തുക്കൾക്ക് നിരോധനം വരുമ്പോൾ സംസ്ഥാനത്ത് നിരോധിക്കപ്പെടുന്ന വസ്തുക്കൾ 21 ആകും. കേന്ദ്രം നടപ്പാക്കുന്ന നിയമപ്രകാരം പത്ത് വർഷം നിരോധനം ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ 2022 ജൂലൈ മുതലാണ് ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കുന്നതെങ്കിൽ സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതൽ നിരോധനം നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെ 15 വിഭാഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് രണ്ടര വർഷം മുമ്പ് കേരളം നിരോധിച്ചത്.

കേരളത്തിൽ നിരോധിച്ച 15 വസ്തുക്കൾക്ക് പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിൽ ഉൾപെട്ട ആറ് വിഭാഗത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ കൂടിയാണ് വെള്ളിയാഴ്ച മുതൽ നിരോധനമേർപ്പെടുത്തുന്നവയിൽ ഉൾപ്പെടുന്നത്.

കേന്ദ്ര മലീകരണ നിയന്ത്രണ ബോർഡ് 75 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകൾ 2022 ഡിസംബർ വരെ ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് 2020 ലെ ഉത്തരവിൽ വ്യക്തമാക്കിയതനുസരിച്ച് എല്ലാത്തരം ക്യാരി ബാഗുകൾക്കുള്ള നിരോധനം ബാധകമായിരിക്കും.

അതേസമയം നേരത്തെ പാക്ക് ചെയ്ത് വെച്ച അരി പലവ്യഞ്ജന സാധനങ്ങൾ വരുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനമില്ല. ഹോട്ടലുകളിൽ ഭക്ഷണം പാക്ക് ചെയ്ത് നൽകുന്ന മെറ്റലൈസ്ഡ് കവറുകൾക്കും നിരോധനം ബാധകമല്ല.

Comments

COMMENTS

error: Content is protected !!